ന്യൂഡല്‍ഹി: സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 വയസ്സാക്കിയേക്കും. സ്ത്രീകള്‍ക്ക് വിവാഹത്തിനുള്ള കുറഞ്ഞപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചിരുന്നു. ഇതിനായി രൂപവത്കരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.
സ്വാതന്ത്ര്യദിനപ്രസംഗത്തിനിടെയായിരുന്നു മോഡി സ്ത്രീകളുടെ വിവാഹത്തിനുള്ള കുറഞ്ഞപ്രായം പുനഃപരിശോധിക്കുമെന്ന് അറിയിച്ചത്. നിലവില്‍ 18 വയസ്സാണ് പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാനുള്ള കുറഞ്ഞ പ്രായം. ഇത് 21 വയസ്സാക്കുന്നതിന്റെ സാധ്യതകളാണ് കമ്മിറ്റി പരിശോധിക്കുക.
ജൂണ്‍ രണ്ടിനാണ് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം ദൗത്യസംഘത്തെ നിയോഗിച്ചത്. വിവാഹപ്രായം മറ്റു രാജ്യങ്ങളില്‍:
യു.എസ്., ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, കാനഡ, ഓസ്‌ട്രേലിയ, നോര്‍വേ, സ്വീഡന്‍, നെതര്‍ലന്‍ഡ്‌സ്, ബ്രസീല്‍, റഷ്യ, ദക്ഷിണാഫ്രിക്ക, സിങ്കപ്പൂര്‍, ശ്രീലങ്ക, യു.എ.ഇ. തുടങ്ങി 143 രാജ്യങ്ങളില്‍ 18 വയസ്സാണ് സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം.
ഇന്‍ഡൊനീഷ്യ, മലേഷ്യ, നൈജീരിയ, ഫിലിപ്പീന്‍സ് തുടങ്ങി 20 രാജ്യങ്ങളില്‍ ഇത് 21 വയസ്സാണ്. സൗദി അറേബ്യ, യെമന്‍, ജിബൂട്ടി എന്നിവിടങ്ങളില്‍ കുറഞ്ഞ പ്രായം നിശ്ചയിച്ചിട്ടില്ല. 14 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതി നല്‍കുന്ന മൂന്ന് രാജ്യങ്ങളാണ് ഇറാന്‍ (13 വയസ്സ്), ലെബനന്‍ (ഒമ്പത്), സുഡാന്‍ (ഋതുമതിയാവല്‍) എന്നിവ.
ചൈന, ജപ്പാന്‍, നേപ്പാള്‍, തായ്‌ലാന്‍ഡ് തുടങ്ങി ആറു രാജ്യങ്ങളില്‍ 20 വയസ്സ്, അല്‍ജീരിയ, ദക്ഷിണ കൊറിയ, സമോവ (19), ഉത്തര കൊറിയ, സിറിയ, ഉസ്ബക്കിസ്താന്‍ (17), അഫ്ഗാനിസ്താന്‍, ബഹ്‌റൈന്‍, പാകിസ്താന്‍, ഖത്തര്‍, യു.കെ. (16), കുവൈത്ത് (15).
Discussion about this post