ഔഷധ സാരികളുമായി മധ്യപ്രദേശ്, പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് അവകാശവാദം, വില 3000രൂപ

ഭോപ്പാല്‍: പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സാരികള്‍, കേട്ടാല്‍ തള്ളാണെന്ന് വിചാരിക്കരുത്, മധ്യപ്രദേശിലാണ് പ്രതിരോധ ശേഷി വര്‍ധിക്കുമെന്ന അവകാശവാദവുമായി ആയുര്‍വേദ സാരികള്‍ വില്‍പ്പനയ്ക്ക് ഒരുങ്ങുന്നത്. പരമ്പരാഗത ഔഷധസസ്യങ്ങളുടെ ഗുണങ്ങള്‍ വിവിധ ഘട്ടങ്ങളായി നടക്കുന്ന നിര്‍മാണ പ്രക്രിയയിലൂടെ സാരിയില്‍ ചേര്‍ക്കുന്നുവെന്ന് അധികൃതര്‍ പറയുന്നു.

ആയുര്‍വസ്ത്ര എന്ന പേരില്‍ മധ്യപ്രദേശ് കൈത്തറി കരകൗശല കോര്‍പ്പറേഷനാണ് സാരികള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. സാരികള്‍ക്ക് ഔഷധ ഗുണമുണ്ടെന്നും പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നുമാണ് ഇവരുടെ അവകാശവാദം.വിവിധ ഘട്ടങ്ങളായി നടക്കുന്ന നിര്‍മാണ പ്രക്രിയയിലൂടെ ഔഷധ സസ്യങ്ങളുടെ ഗുണങ്ങള്‍ സാരിയില്‍ ചേര്ക്കുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

ഇതിനായി കരയാമ്പൂ, ഏലക്ക, ജീരകം, ജാതിക്ക, കറുവപ്പട്ട, കുരുമുളക്, കറുവയില എന്നിവ പൊടിച്ച് 48 മണിക്കൂര് വെള്ളത്തില്‍ സൂക്ഷിക്കുന്നു. ഈ വെള്ളം ഫര്‍ണസിലേക്ക് മാറ്റി ചൂടാക്കി ലഭിക്കുന്ന നീരാവിയില്‍ തുണി നിര്‍മിക്കും. ഈ തുണി കൊണ്ട് സാരിയും മാസ്‌ക്കും നിര്‍മിക്കുകയാണ് ചെയ്യുന്നത്.

അഞ്ചു മുതല്‍ ആറു ദിവസം വരെയാണ് സാരി നിര്‍മാണത്തിന് ആവശ്യമുള്ളത്. ഭോപ്പാലിലുള്ള വിനോദ് മേല്‍വാര്‍ എന്ന വസ്ത്ര വ്യാപാരിക്കാണ് സാരി നിര്‍മാണത്തിന് ചുമതല. ഈ രീതിക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നും ഈ സാരി രോഗാണുക്കളെ തടയുമെന്നുമാണ് വിനോദ് മേല്‍വാര്‍ അവകാശപ്പെടുന്നത്.

രണ്ടു മാസത്തോളമെടുത്താണ് അനുയോജ്യമായ ഔഷധക്കൂട്ട് കണ്ടെത്തിയതെന്നും അഞ്ചോ ആറോ തവണ കഴുകുന്നതു വരെ സാരിയുടെ പ്രതിരോധശേഷി നിലനില്‍ക്കുമെന്നും വിനോദ് ഇന്ത്യ ടുഡേയോട് പറഞ്ഞു. 3000 രൂപയാണ് സാരിയുടെ വില.

ഭോപ്പാലിലും ഇന്‍ഡോറിലുമുള്ള കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ ലഭ്യമാണ്. വൈകാതെ ഇന്ത്യയിലെ 36 വില്‍പനശാലകളിലേക്ക് സാരി എത്തിക്കുമെന്ന് മധ്യപ്രദേശ് കൈത്തറി കരകൗശല കോര്‍പ്പറേഷന്‍ കമ്മിഷണര്‍ രാജീവ് ശര്‍മ ഇന്ത്യ ടുഡേയോട് പറഞ്ഞു. അതേസമയം, സാരിയുടെ പ്രതിരോധശേഷി സംബന്ധമായ അവകാശവാദങ്ങളൊന്നും ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

Exit mobile version