രാജസ്ഥാനിലും തെലങ്കാനയിലും ഇന്ന് കലാശക്കെട്ട്; വോട്ടുറപ്പിക്കാന്‍ മോഡിയും അമിത്ഷായും ഇന്ന് രാജസ്ഥാനില്‍

തെലങ്കാനയില്‍ 119 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 1,777 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.

ന്യൂഡല്‍ഹി: രാജസ്ഥാനിലും തെലങ്കാനയിലും ഇന്ന് കൊട്ടികലാശം. തെരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചരണത്തില്‍ ഇന്ന് മോഡിയും അമിത്ഷായും രാജസ്ഥാനിലെത്തും. രാജസ്ഥാനില്‍ 199 സീറ്റുകളിലേയ്ക്ക് മറ്റന്നാളാണ് വെള്ളിയാഴ്ച നടക്കുന്നത്. രാം ഘട്ട് സീറ്റിലെ വോട്ടെടുപ്പ് ബിഎസ്പി സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് മാറ്റിവച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളും കലാശക്കൊട്ടിന് സംസ്ഥാനത്ത് എത്തുന്നുണ്ട്.

തെലങ്കാനയില്‍ 119 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 1,777 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയും കോണ്‍ഗ്രസ് നയിക്കുന്ന മഹാസഖ്യവും തമ്മിലാണ് പ്രധാനപോരാട്ടം. മുഴുവന്‍ മണ്ഡലങ്ങളിലും ബിജെപി മത്സരിക്കുന്നുണ്ട്. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഇന്ന് സ്വന്തം മണ്ഡലമായ ഗജ്‌വേലില്‍ ഉള്‍പ്പെടെ അഞ്ച് റാലികളില്‍ പങ്കെടുക്കും.

സൂര്യപേട്ട് ജില്ലയിലെ മഹാസഖ്യത്തിന്റെ റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. വൈകിട്ട് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനൊപ്പം രാഹുല്‍ മാധ്യമങ്ങളെ കാണും. തെലങ്കാനയെ നശിപ്പിച്ചവരെ ഭരണത്തില്‍ നിന്ന് പുറത്താക്കണമെന്നും മഹാസഖ്യത്തിന് വോട്ടുചെയ്യണമെന്നും യുപിഎ അധ്യക്ഷ സോണിയ ഗാന്ധി വീഡിയോ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

Exit mobile version