ബംഗളൂരു: എന്റെ വീടെന്തിനാണ് കത്തിച്ചത്, ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്…? ഇത് ബംഗളൂരു പുലികേശിനഗര്‍ എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ചോദ്യമാണ്. ഈ ചോദ്യം ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദവും ഇടറുന്നുണ്ടായിരുന്നു.
ചൊവ്വാഴ്ച ബംഗളൂരു ഡിജെ ഹള്ളിയില്‍ ഉണ്ടായ അക്രമത്തിലാണ് എംഎല്‍എയുടെ വീടും അഗ്നിക്ക് ഇരയാക്കിയത്. ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു സാമൂഹികമാധ്യമത്തില്‍ വിദ്വേഷ പോസ്റ്റിട്ടതിനെ ചൊല്ലിയാണ് അക്രമമുണ്ടായത്.
എംഎല്‍എയുടെ വാക്കുകള്‍;
എന്തിനാണ് എന്റെ വീട് ആക്രമിച്ചത്. ഞാനെന്താണ് ചെയ്തത്.ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തോ. ഞാനെന്തിങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ നിങ്ങള്‍ക്ക് പോലീസില്‍ പരാതിപ്പെടുകയോ മാധ്യമങ്ങളെ സമീപിക്കുകയോ ചെയ്യാമായിരുന്നു. ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ട് തന്നെ ഈ ആക്രമണം എന്നെ വളരെ അധികം വേദനിപ്പിക്കുന്നു, എന്റെ സഹോദരിയുടെ മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായി ശിക്ഷിക്കുകയാണ് വേണ്ടത്. അല്ലാതെ അക്രമം നടത്തുകല്ല, എന്റെ വീടിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു.