ന്യൂഡൽഹി: കൊവിഡ് കാലത്ത് നിയമലംഘകരെ പിടികൂടി പിഴയിട്ട് ‘ആത്മാർത്ഥ സേവനം’ കാഴ്ചവെച്ച ആ വനിതാ എഎസ്ഐ തട്ടിപ്പുകാരിയാണെന്ന് അറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാർ. ഇരുപതുകാരിയാണ് വ്യാജപോലീസായി വിലസി നിയമലംഘകരെ പിഴിഞ്ഞ് പണം സമ്പാദിച്ചത്. തെക്കൻ ഡൽഹിയിലെ തിലക് നഗറിലാണ് സംഭവം. ഡൽഹി പൊലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ചമഞ്ഞാണ് ഇവർ കോവിഡ് നിയമ ലംഘകരിൽ നിന്ന് പിഴ ഈടാക്കിയിരുന്നത്. വ്യാജ ചെലാൻ ഉപയോഗിച്ചാണ് ഇവർ പിഴ ഈടാക്കിയിരുന്നത്.
തമന്ന ജഹാൻ എന്ന സ്ത്രീയാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. ഇവർ ഡൽഹിയിലെ നങ്ക്ളോയി ഏരിയയിലാണ് താമസിക്കുന്നത്. തൊഴിലില്ലാതിരുന്ന ഇവർ പെട്ടെന്ന് പണം ഉണ്ടാക്കുന്നതിനാണ് ഇങ്ങനെയൊരു വഴി സ്വീകരിച്ചത്. മാസ്ക് ധരിക്കാതിരിക്കൽ, സാമൂഹിക അകലം പാലിക്കാതിരിക്കൽ തുടങ്ങിയ നിയമ ലംഘകരിൽ നിന്നാണ് പോലീസ് യൂണിഫോമിലെത്തിയ ഇവർ പിഴ ഈടാക്കിയിരുന്നത്.
ബുധാനാഴ്ച തിലക് നഗറിൽ പെട്രോളിങ് നടത്തുകയായിരുന്ന ഹെഡ്കോൺസ്റ്റബിൾ സുമർ സിങ് മാസ്ക് ധരിക്കാതെ എത്തുന്നവരെ തടഞ്ഞ് വനിത പോലീസ് പിഴ ഈടാക്കുന്നത് കണ്ടിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് കോൺസ്റ്റബിളിനോട് സാധാരണ വസ്ത്രം ധരിച്ച് മാസ്ക് വയ്ക്കാതെ അവരുടെ അടുത്തേക്ക് ചെന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടു.
ഇങ്ങനെ എത്തിയ കോൺസ്റ്റബിളിനെ തടഞ്ഞ തമന്ന മാസ്ക് ധരിക്കാത്തതിന് പിഴ ആവശ്യപ്പെട്ടു. ഏത് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥയാണെന്ന് ചോദിച്ചപ്പോൾ തിലക് നഗർ സ്റ്റേഷൻ എന്നാണ് ഇവർ പറഞ്ഞത്. തുടർന്ന് കോൺസ്റ്റബിൾ ഐഡി കാർഡ് ചോദിച്ചു. ഒരു രേഖയും തമന്നയുടെ കൈവശം ഉണ്ടായിരുന്നില്ല. ഇതോടെ കോൺസ്റ്റബിൽ തിലക് നഗർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പോലീസ് എത്തി തമന്നയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.
മാതാപിതാക്കളുടെ സമ്മതമില്ലാതെ ഇവർ അടുത്തിടെ വിവാഹം കഴിച്ചിരുന്നു. ഇതിനെ തുടർന്ന് മറ്റ് വരുമാനമാർഗങ്ങളും ഉണ്ടായിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥർ കൊവിഡ് നിയമ ലംഘകരിൽ നിന്ന് പിഴ ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത്തരത്തിൽ വരുമാനമുണ്ടാക്കാൻ തമന്ന തുനിഞ്ഞിറങ്ങിയത്. ഇവർ സിവിൽ സർവീസ് പരീക്ഷയ്ക്കും തയ്യാറെടുക്കുന്നുണ്ട്.
Discussion about this post