ന്യൂഡൽഹി: ഇന്ത്യാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരുടെ പട്ടികയിൽ നാലാം സ്ഥാനം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, ഡോ. മൻമോഹൻ സിങ് എന്നിവർ കഴിഞ്ഞാൽ അടുത്തസ്ഥാനം മോഡിക്കാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രി എന്ന വിശേഷണവും മോഡി സ്വന്തമാക്കി. അടൽ ബിഹാരി വാജ്‌പേയി ആയിരുന്നു മുമ്പ് ഈ സ്ഥാനത്തുണ്ടായിരുന്നത്.
രാജ്യത്തിന്റെ 74ാം സ്വാതന്ത്ര്യ ദിനത്തിന് രണ്ടു ദിവസം മുമ്പാണ് പ്രധാനമന്ത്രി മോഡി രാജ്യത്ത് ഏറ്റവും കൂടുതൽകാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്തിയിട്ടുള്ളത്. ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി മോഡി തന്റെ ഏഴാമത്തെ സ്വാതന്ത്ര്യ ദിന സന്ദേശമാവും ചെങ്കോട്ടയിൽനിന്ന് നൽകുക. രാജ്യത്തിന്റെ 14ാമത്തെ പ്രധാനമന്ത്രിയായി 2014 മെയ് 26നാണ് നരേന്ദ്ര മോഡി അധികാരമേൽക്കുന്നത്. 2019 മെയ് 30 ന് രണ്ടാം തവണയും പ്രധാനമന്ത്രി പദത്തിലേറി.
രാജ്യത്ത് ഏറ്റവും കൂടുതൽകാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവാണ്. 17 വർഷത്തോളം അദ്ദേഹം അധികാരത്തിൽ തുടർന്നു. നെഹ്‌റുവിന്റെ മകൾ ഇന്ദിരയ്ക്കാണ് രണ്ടാം സ്ഥാനം. രണ്ടു തവണയായി അവർ 11 വർഷത്തിലധികം അധികാരത്തിൽ തുടർന്നു. തുടർച്ചയായി രണ്ടു തവണ അധികാരത്തിൽവന്ന ഡോ. മൻമോഹൻ സിങ് അഞ്ചു വർഷംവീതം ഭരിച്ച് പത്ത് വർഷം പൂർത്തിയാക്കിയാണ് പടിയിറങ്ങിയത്. അതേസമയം, രാജ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രിമാരിൽ മിക്കവർക്കും കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് ചരിത്രം.
Discussion about this post