ന്യൂഡൽഹി: കൊവിഡ് മരുന്നുകളും വാക്‌സിനുകളും നിർമ്മാണഘട്ടത്തിലിരിക്കെ മരുന്ന് വിതരണം കേന്ദ്ര മേൽനോട്ടത്തിലാകണമെന്ന് ഉപദേശിച്ച് വിദഗ്ധസമിതി. സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നും ഡോ. വികെ പോൾ സമിതി നിർദേശിച്ചു. സംഭരണം മുതൽ വിതരണം വരെയുള്ള കാര്യങ്ങൾക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോം വേണം. രാജ്യത്തെ വലിയ ജനസംഖ്യ കണക്കിലെടുത്താണിതെന്നും നിർദേശത്തിൽ പറയുന്നു.
കൊവിഡ് വാക്‌സിൻ പ്രതീക്ഷകൾ വർധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു രാജ്യത്തിനാവശ്യമുള്ള മരുന്ന് എത്തിക്കുന്നതും സംഭരിക്കുന്നതും സംബന്ധിച്ച നിർദേശങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ ഡോ. വികെ പോൾ സമിതിയെ നിയോഗിച്ചത്. ആദ്യ യോഗത്തിന് ശേഷമാണ് പ്രാഥമിക നിർദേശങ്ങൾ സമിതി നൽകിയിരിക്കുന്നത്.
എത്ര മരുന്ന് എവിടെ നിന്നൊക്കെ എത്തിക്കാനാവും, രാജ്യത്ത് വാക്‌സിൻ ആർക്കൊക്കെ ആദ്യം നൽകണം തുടങ്ങിയ കാര്യങ്ങളടക്കമാണ് പരിഗണനയിലുള്ളത്. ഭാരത് ബയോടെക്, സെറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ നേതൃത്വത്തിൽ മൂന്നു വാക്‌സിൻ പരീക്ഷണങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. കൂടുതൽ കമ്പനികളുമായി കരാറുണ്ടാക്കുന്ന സാധ്യത പരിശോധിക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരുന്നു.
Discussion about this post