‘നിങ്ങള്‍ എപ്പോഴും ഒരു പോരാളിയാണ് സഞ്ജയ് ദത്ത്, ഈ ദുഷ്‌കരമായ ഘട്ടം അതിജീവിക്കാനുള്ള കരുത്ത് നിങ്ങള്‍ക്കുണ്ട്’ ആശംസിച്ച് യുവരാജ് സിംഗ്

മുംബൈ: ശ്വാസകോശ അര്‍ബുദം ബാധിച്ച ബോളിവുഡ് താരം സഞ്ജയ് ദത്ത് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസിച്ച് രംഗത്തെത്തിയത്.

‘നിങ്ങള്‍ എപ്പോഴും ഒരു പോരാളിയാണ് സഞ്ജയ് ദത്ത്. ഇത് എത്രത്തോളം വേദന ഉണ്ടാക്കുമെന്ന് എനിക്കറിയാം, എന്നാല്‍ ഈ ദുഷ്‌കരമായ ഘട്ടം അതിജീവിക്കാനുള്ള കരുത്ത് നിങ്ങള്‍ക്കുണ്ടെന്നും എനിക്കറിയാം. പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനു വേണ്ടി എന്റെ പ്രാര്‍ഥനകളും ആശംസകളും’ യുവരാജ് സിംഗ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് സഞ്ജയ് ദത്തിന് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചതായി വാര്‍ത്തകള്‍ എത്തിയത്. ട്രേഡ് അനലിസ്റ്റ് കോമള്‍ നാഹ്തയാണ് അദ്ദേഹത്തിന്റെ രോഗവിവരം സംബന്ധിച്ച് ആദ്യം ട്വീറ്റ് ചെയ്തത്. ശ്വാസകോശത്തിലാണ് സഞ്ജയ് ദത്തിന് അര്‍ബുദ ബാധയെന്നും രോഗത്തിന്റെ നാലാം ഘട്ടത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ചികിത്സയ്ക്കായി ദത്തും കുടുംബവും യുഎസിലേക്ക് തിരിക്കും.

ശ്വാസതടസത്തെ തുടര്‍ന്ന് സഞ്ജയ് ദത്തിനെ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. എന്നാല്‍ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്.

Exit mobile version