ലഖ്‌നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വെച്ച് വിദ്യാർത്ഥിനി ബൈക്കിൽ നിന്നും വീണു മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി പോലീസ്. അമേരിക്കയിലെ പ്രശസ്ത സർവകലാശാലയിൽ പഠിക്കുന്ന 20കാരിയായ സുദീക്ഷ ഭട്ടിയാണ് റോഡപകടത്തിൽ മരിച്ചത്. പെൺകുട്ടിയും ബന്ധുവും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നാലെ മറ്റൊരു ബൈക്കിൽ ചിലരെത്തി പിന്തുടർന്ന് ശല്യം ചെയ്തിരുന്നെന്നും ഇതോടെയാണ് അപകടം നടന്നതെന്നും കുടുംബം ആരോപിച്ചിരുന്നു.
എന്നാൽ, അപകടത്തിന് മുമ്പ് പെൺകുട്ടിയെ ഉപദ്രവിച്ചതിന്റെ തെളിവുകൾ ലഭിച്ചില്ലെന്നും പെൺകുട്ടിക്ക് ലഭിക്കേണ്ട ഭീമമായ ഇൻഷൂറൻസ് പണം ലഭിക്കാനാകാം പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി. രണ്ട് വർഷം മുമ്പ് സിബിഎസ്ഇ പരീക്ഷയിൽ ബുലന്ദ്ഷഹർ ജില്ലയിലെ ഒന്നാം റാങ്കുകാരിയായാണ് സുദീക്ഷ വിജയിച്ചത്. പിന്നീട് 3.8 കോടി സ്‌കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് മസാചുസെറ്റ്‌സിലെ ബാബ്‌സൺ കോളേജിൽ ഉപരിപഠനത്തിന് ചേർന്നിരുന്നു. കഴിഞ്ഞ മാസമാണ് സുദീക്ഷ നാട്ടിലെത്തിയത്. ഈ മാസം തിരിച്ചു പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അതേസമയം, അമ്മാവനായ സത്യേന്ദ്ര ഭട്ടിയുടെയും കസിന്റെയും കൂടെ ബാക്കിൽ യാത്ര ചെയ്യവേ രണ്ട് പേർ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചെന്നും ഇതിനിടെയിലാണ് അപകടം നടന്നതെന്നുമുള്ള കുടുംബത്തിന്റെ ആരോപണത്തെ പോലീസ് ശാസ്ത്രീയമായ തെളിവുകൾ നിരത്തിയാണ് ഖണ്ഡിക്കുന്നത്.
സുദീക്ഷയുടെ പ്രായപൂർത്തിയാകാത്ത കസിനാണ് ബൈക്ക് ഓടിച്ചതെന്നും അമ്മാവൻ സത്യേന്ദ്ര ഭാട്ടി ഈ സമയത്ത് ദാദ്രിയിലായിരുന്നെന്നും പോലീസ് പറയുന്നു. സത്യേന്ദ്ര ഭട്ടിയുടെ മൊബൈൽ ലൊക്കേഷൻ അനുസരിച്ച് അപകടം നടക്കുമ്പോൾ അയാൾ ദാദ്രിയിലാണ്. അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് അയാൾ സ്ഥലത്തെത്തുന്നത്. അദ്ദേഹം അപകട സ്ഥലത്തേക്ക് എത്തിയ വഴികളെക്കുറിച്ച് ഞങ്ങൾക്ക് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
വിദ്യാർത്ഥിനിക്ക് ലഭിച്ച ഭീമമായ സ്‌കോളർഷിപ്പ് തുകയും ഇൻഷൂറൻസും തട്ടാൻ ശ്രമിച്ചോയെന്നു അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. രണ്ട് പേർ ഉപദ്രവിക്കാൻ ശ്രമിച്ചതിനെ തുടർന്ന് അപകടമുണ്ടായെന്ന കുടുംബത്തിന്റെ വാദത്തിൽ സംശയമുണ്ടെന്നും ഈ ആരോപണത്തെ ബലപ്പെടുത്തുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.
അതേസമയം, അപകട സമയത്ത് ഇതുവഴി രണ്ട് പേർ ബൈക്കിൽ പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു. തന്റെ മകൾ മിടുക്കിയായിരുന്നെന്നും അവളെ ഉപദ്രവിച്ച രണ്ട് പേർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പിതാവ് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ആരോ ഉപദ്രവിക്കാനെത്തിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ് പെൺകുട്ടി മരിച്ച സംഭവത്തിൽ സോഷ്യൽമീഡിയയിലടക്കം പ്രതിഷേധവും ഉയർന്നിരുന്നു.
Discussion about this post