ബംഗളൂരു: കൊവിഡ് 19 വ്യാപനം ആശങ്കപ്പെടുത്തുമ്പോഴും ആസ്വാസം നൽകുന്ന വാർത്ത പങ്കുവെച്ച് ആരോഗ്യപ്രവർത്തകർ. ബംഗളൂരുവിലെ വിക്ടോറിയ, വാണി വിലാസ് ആശുപത്രിയാണ് ഏറെ സന്തോഷം പകരുന്ന വാർത്ത പങ്കുവെച്ചിരിക്കുന്നത്. ഇവിടെ കൊവിഡ് 19 പോസിറ്റീവായ 200 അമ്മമാർക്കാണ് കുഞ്ഞുങ്ങൾ പിറന്നത്. ഈ കുഞ്ഞുങ്ങളല്ലാം ആരോഗ്യമുള്ളവരും കൊവിഡ് നെഗറ്റീവുമാണ്.
‘ഗർഭിണികളായ യുവതികൾക്കുള്ള കൊവിഡ് 19 പരിചരണ കേന്ദ്രം കൂടിയാണിത്. ഇവിടെ 200 കുഞ്ഞുങ്ങളാണ് ജനിച്ചത്. ഞങ്ങളെ സംബന്ധിച്ച് വലിയൊരു നാഴികക്കല്ലാണിതെന്ന് പറയാം. കൊവിഡ് വ്യാപന രൂക്ഷമായ സാഹചര്യത്തിൽ ഗർഭിണികൾ അനുഭവിക്കുന്ന മാനസിക സംഘർഷത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും. എന്റെ ജീവനക്കാർക്ക് ഞാൻ നന്ദി പറയുന്നു’.- ആശുപത്രി ഡയറക്ടറായ ഡോക്ടർ സിആർ ജയന്തി വ്യക്തമാക്കി.
പിപിഇ കിറ്റ് ധരിച്ചു കൊണ്ടാണ് ഡോക്ടർമാർ ഓരോ പ്രസവവുമെടുത്തത്. വളരെ ബുദ്ധിമുട്ടേറിയ പ്രവർത്തിയാണിതെന്നും ഡോക്ടർ ജയന്തി വിശദമാക്കി. എല്ലാ കുഞ്ഞുങ്ങൾക്കും സുരക്ഷിതവും വിജയകരവുമായ ഭാവി ആശംസിക്കുന്നുവെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകറും ഇവിടത്തെ ഡോക്ടർമാർക്ക് ആശംസ അറിയിച്ചു.
മറ്റ് സ്വകാര്യ ആശുപത്രികളിലെ ഡോക്ടേഴ്‌സ് കൊവിഡ് ബാധിതരായ ഗർഭിണികളെ ചികിത്സിക്കാനോ പരിചരിക്കാനോ തയ്യാറാകാത്ത സാഹചര്യമാണുള്ളത്. അത്തരം സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇങ്ങനെയുള്ള ആശുപത്രികളുടെ സേവനം പ്രശംസക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post