ബംഗളൂരു: ബംഗളൂരുവിൽ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ഉടലെടുത്ത സംഘർഷം കാരണം പൊലിഞ്ഞത് 3 ജീവനുകൾ. എംഎൽഎയ്ക്ക് വേണ്ടപ്പെട്ടയാൾ വിദ്വേഷം പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിനെതിരായ പ്രതിഷേധം വൻ അക്രമത്തിലും സംഘർഷത്തിലും കലാശിക്കുകയായിരുന്നു. പ്രതിഷേധക്കാർ എംഎൽഎയുടെ വീട് ആക്രമിക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. പുലികേശിനഗർ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസമൂർത്തിയുടെ വീടാണ് ജനക്കൂട്ടം ആക്രമിച്ചത്. സംഭവത്തിൽ രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പോലീസുകാർക്കും പരിക്കേറ്റു.
അഖണ്ഡ ശ്രീനിവാസമൂർത്തിയുടെ ബന്ധുവാണ് പോസ്റ്റിട്ടതെന്ന് എംഎൽഎയുടെ അടുത്ത വൃത്തങ്ങൾ പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ പിഎയാണ് പോസ്റ്റിട്ടതെന്നും ആരോപണമുണ്ട്. ഇതേത്തുടർന്ന് ചൊവ്വാഴ്ച രാത്രി നൂറുകണക്കിനുപേർ ശ്രീനിവാസമൂർത്തിയുടെ വീടിനുമുന്നിൽ തടിച്ചുകൂടുകയും കല്ലേറ് നടത്തുകയുംചെയ്തു. എട്ടോളം വാഹനങ്ങളും പ്രതിഷേധക്കാർ അഗ്‌നിക്കിരയാക്കി. നൂറിലേറെ പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിഷേധവുമായി ജനങ്ങൾ ഡിജെ ഹള്ളി പോലീസ് സ്റ്റേഷനുമുന്നിലും തടിച്ചുകൂടുകയും പോലീസും പ്രതിഷേധക്കാരും തമ്മിൽ കല്ലേറുണ്ടാവുകയും ചെയ്തു. റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു. അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീകെടുത്തിയത്. സംഭവമറിഞ്ഞ് കൂടുതൽ പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്. എംഎൽഎയുടെ ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സാമൂഹികമാധ്യമങ്ങൾവഴി വിദ്വേഷപരാമർശം നടത്തിയവർക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്നും അക്രമം അനുവദിക്കില്ലെന്നും കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ബംഗളൂരു നഗരപരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡിജെ ഹള്ളി, കെജെ ഹള്ളി പോലീസ് സ്‌റ്റേഷൻ പരിധിയിൽ കർഫ്യുവും ഏർപ്പെടുത്തി.
Discussion about this post