ഐസ്വാള്‍: ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിക്ക് അടിയന്തര പ്രസവ ശസ്ത്രക്രിയ നടത്തി മിസോറാം എംഎല്‍എ ഇസഡ് ആര്‍ ധിയാമസംഗ. മിസോറം നിയമസഭയില്‍ വെസ്റ്റ് ചാംഫായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ധിയാമസംഗ. ചാംഫായി ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ താമസിക്കുന്ന സി ലാല്‍മംഗായ്സാങി എന്ന 38കാരിക്കാണ് അടിയന്തര സാഹചര്യത്തില്‍ എംഎല്‍എ ‘ഡോക്ടാറായി’ അവതരിച്ചത്. ലാല്‍മംഗായ്സാങിയുടെ രണ്ടാമത്തെ കുഞ്ഞാണിത്.
മേഖലയില്‍ അടുത്തിടെയുണ്ടായ ഭൂകമ്പം, കൊറോണ സാഹചര്യം എന്നിവ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മ്യാന്‍മര്‍ അതിര്‍ത്തിക്കു സമീപത്തെ വടക്കന്‍ ചാംഫായില്‍ ധിയാമസംഗ എത്തിയത്. ഈ നിമിഷത്തിലാണ് അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയുടെ കാര്യം ഇദ്ദേഹം അറിഞ്ഞത്. ചാംഫായി ആശുപത്രിയിലെ ഡോക്ടര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിലും ആയിരുന്നു.
ഏകദേശം 200 കിലോമീറ്ററോളം അകലെയുള്ള ഐസ്വാളിലെ ആശുപത്രിയിലേക്ക് പോകാവുന്ന നിലയിലായിരുന്നില്ല ലാല്‍മംഗായ്സാങിയുടെ അവസ്ഥ. ഉടന്‍ തന്നെ ചാഫായി ആശുപത്രിയില്‍ എത്തിയ ധിയാമസംഗ പ്രസവ ശസ്ത്രക്രിയ നടത്തുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇരുവര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ല. ഒബ്സ്ട്രെിക്സ്- ഗൈനക്കോളജി വിദഗ്ധനായ ധിയാമസംഗ, നിയമസഭാംഗമായതിനു പിന്നാലെയാണ് മുഴുവന്‍ സമയ ഡോക്ടര്‍ ജോലിയോട് വിട പറഞ്ഞ് ജനസേവനത്തിന് ഇറങ്ങിയത്.