ന്യൂഡല്‍ഹി: ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ ഇപ്പോള്‍ നിലനിര്‍ത്തിയിരിക്കുന്നത്.
അദ്ദേഹം കൊവിഡ് 19 വൈറസ് ബാധിതന്‍ കൂടി ആയതിനാല്‍ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് ഹെല്‍ത്ത് ബുള്ളറ്റിന്‍ വ്യക്തമാക്കുന്നത്. തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവിരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. താനുമായി ഇടപഴകിയവര്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ പോകണമെന്നും കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിരുന്നു. 84കാരനായ പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില വിലയിരുത്തുന്നതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം രൂപീകരിച്ചിട്ടുണ്ട്.