ശ്രീനഗർ: ജമ്മുകാശ്മീരിലെ ബിജെപി നേതാക്കളെ ഭീതിയിലാഴ്ത്തി തുടർച്ചയായ അപായങ്ങൾ. ഒരു മാസത്തിനിടെ താഴ്‌വരയിൽ ആറ് പ്രാദേശിക നേതാക്കൾക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവരിൽ അഞ്ചു പേരും കൊല്ലപ്പെടുകയും ചെയ്തതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ ലഘൂകരിച്ചു വരുന്നതിനിടെയാണ് ബിജെപി നേതാക്കൾക്ക് നേരെ ആക്രമണ പരമ്പര നടക്കുന്നത്.
ജൂലൈ എട്ടിന് ബന്ദിപോര ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ വസീം ബാരിയാണ് ആദ്യം കൊല്ലപ്പെട്ടത്. അന്നുതന്നെ വസീം ബാരിയുടെ സഹോദരൻ ഉമർ ശൈഖും പിതാവ് ബഷീർ ശൈഖും അക്രമികളുടെ വെടിയേറ്റ് മരിച്ചു. ഇവരും ബിജെപി പ്രവർത്തകരായിരുന്നു. ഓഗസ്റ്റ് നാലിന് ആരിഫ് അഹമ്മദ് എന്ന സൗത്ത് കാശ്മീരിലുള്ള ബിജെപി പഞ്ചായത്ത് അംഗത്തിന് വെടിയേറ്റു. നിലവിൽ അതീവ ഗുരതരാവസ്ഥയിൽ തുടരുകയാണ് ഇയാൾ. ഓഗസ്റ്റ് ആറിന് ബിജെപി നേതാവും സർപഞ്ചുമായ സജ്ജാദ് ഖാണ്ഡെ കൊല്ലപ്പെട്ടു. ഓഗസ്റ്റ് ഒമ്പതിനാണ് ബിജെപി ഒബിസി മോർച്ച നേതാവായ അബ്ദുൾ ഹമീദ് നജർ കൊല്ലപ്പെടുന്നത്.
അതേസമയം, സുരക്ഷാ പാളിച്ചകളെ ചൊല്ലി ബിജെപി പ്രാദേശിക തലങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. പല നേതാക്കളും സുരക്ഷ ഏർപ്പെടുത്താൻ ആവശ്യപ്പെട്ട് ഭരണകൂടത്തെ സമീപിച്ചിട്ടുമുണ്ട്. ബുദ്ഗാം സ്വദേശിയായ അബ്ദുൽ ഹമീദ് നജർ കൊല്ലപ്പെട്ടതിന് പിന്നാലെ ബിജെപി നേതാക്കളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പാർട്ടി സംസ്ഥാന നേതൃത്വവും രംഗത്തെത്തി.
ജില്ലാ ആസ്ഥാനങ്ങളിൽ അറുപതോളം പേരെ ഉൾക്കൊള്ളുന്ന സുരക്ഷിത താമസ കേന്ദ്രങ്ങൾ സജ്ജീകരിക്കണമെന്നാണ് ബിജെപി വാക്താവ് അൽതാഫ് ഠാക്കൂർ ആവശ്യപ്പെട്ടത്. സുരക്ഷാ രംഗത്ത് സർക്കാരിന്റെ അഭാവം പ്രകടമാണ്. ഭീഷണി നേരിടുന്നവർക്ക് സുരക്ഷ നൽകണമെന്ന് ഞങ്ങൾ ഭരണകൂടത്തോട് ആവശ്യപ്പെടുന്നുവെന്നും ബിജെപി നേതാവായ സോഫി യൂസഫ് പറഞ്ഞു.