പട്‌ന: ആരോഗ്യപ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപിക്കുന്നത് രാജ്യത്തിന് തന്നെ ആശങ്ക ഉയർത്തുന്നു. കൊവിഡ് ബാധിച്ച് ബിഹാറിൽ മാത്രം ഇതുവരെ മരിച്ചത് 19 ഡോക്ടർമാരെന്ന് റിപ്പോർട്ട്. 250ലേറെ ഡോക്ടർമാർക്കാണ് ഇതിനോടകം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ദേശീയ ശരാശരിയേക്കാൾ ഒമ്പതുമടങ്ങാണ് ബിഹാറിലെ ഡോക്ടർമാരുടെ കൊവിഡ് മരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറയുന്നു.
ദേശീയ ശരാശരി 0.5 ശതമാനവും ബിഹാറിലേത് 4.42 ശതമാനവുമാണെന്ന് ബിഹാർ ചാപ്റ്റർ, ഐഎംഎ വൈസ് പ്രസിഡന്റ് ഡോ. അജയ് കുമാർ പറഞ്ഞു. മഹാരാഷ്ട്രയിൽ ഇത് 0.15 ശതമാനവും കർണാടക 0.6 ശതമാനവും തമിഴ്‌നാട് 0.1 ശതമാനവും ഗുജറാത്ത് 0.9ശതമാനവും ഡൽഹി 0.3 ശതമാനവും ആന്ധ്രപ്രദേശ് 0.7 ശതമാനവുമാണ് കോവിഡ് ബാധിച്ച് മരിക്കുന്ന ഡോക്ടർമാരുടെ മരണനിരക്ക്. ബിഹാറിൽ മരിച്ച 19 ഡോക്ടർമാരിൽ ഏഴുപേരും സ്വകാര്യ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്നവരാണ്.
വ്യക്തിസുരക്ഷക്കായി നൽകുന്ന സുരക്ഷ ഉപകരണങ്ങളുടെ ഗുണമേന്മ സംബന്ധിച്ച ആരോപണവും ബിഹാറിൽ ഉയർന്നിരുന്നു. 15 ദിവസത്തെ കൊവിഡ് ഡ്യൂട്ടിക്ക് ശേഷം മറ്റു സംസ്ഥാനങ്ങളിലെപോലെ ബിഹാറിൽ 15ദിവസത്തെ ക്വാറന്റൈൻ അനുവദിച്ചിരുന്നില്ല. മാർച്ച് മുതൽ അവധി പോലും എടുക്കാതെ മിക്ക ഡോക്ടർമാരും ജോലി ചെയ്യുകയായിരുന്നുവെന്നും ഡോക്ടർമാര് പറയുന്നു.
സർക്കാർ ആശുപത്രികളിലെ 60 ശതമാനം ഒഴിവുകളും നികത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. ബിഹാറിൽ 450 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 82,741 പോസിറ്റീവ് കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്തു.
Discussion about this post