വഡോദര: ബാങ്കിലെ കവര്‍ച്ചയ്ക്കിടെ കഴുത്ത് മുറിഞ്ഞ് മോഷ്ടാവ് മരിച്ചു. വഡോദരയിലെ ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ശാഖയിലാണ് ദാരുണ സംഭവം. കൈയ്യിലുണ്ടാിരുന്ന ഇലക്ട്രിക് കട്ടര്‍ അബദ്ധത്തില്‍ ഓണ്‍ ആയതാണ് അപകടത്തിന് കാരണമായത്.
ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് മോഷ്ടാവ് ബാങ്കിനകത്ത് കയറിയത്. തുടര്‍ന്ന് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഓഫ് ചെയ്ത കട്ടര്‍ അബദ്ധത്തില്‍ ഓണായി കഴുത്തില്‍ മുറിവേല്‍ക്കുകയുമായിരുന്നു.
അതേസമയം, ഈ സംഭവങ്ങളെല്ലാം ബാങ്കിന്റെ ചെന്നൈയിലെ വിജിലന്‍സ് വിഭാഗം സിസിടിവിയിലൂടെ കാണുന്നുണ്ടായിരുന്നു. മോഷ്ടാവ് ബാങ്കില്‍ കയറിയതിന് പിന്നാലെ തന്നെ ബാങ്ക് മാനേജറെ ഇവര്‍ വിവരമറിയിക്കുകയും ചെയ്തു. മാനേജറും പോലീസ് സംഘവും ബാങ്കിലെത്തിയപ്പോഴേയ്ക്കും മോഷ്ടാവ് മരിച്ചിരുന്നു.
കട്ടര്‍ ഓഫ് ചെയ്ത് പണമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ കട്ടര്‍ വീണ്ടും ഓണ്‍ ആയെന്നാണ് പോലീസിന്റെ നിഗമനം. ഇടുങ്ങിയ സ്ഥലമായതിനാല്‍ ഇലക്ട്രിക് വയറില്‍ തട്ടി അത് വലിഞ്ഞതാകാം കട്ടര്‍ വീണ്ടും ഓണ്‍ ആകാന്‍ കാരണമെന്നും പോലീസ് പറയുന്നു.
Discussion about this post