ഛണ്ഡീഗഢ്: കൊവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളുടെ പഠനം ഓണ്‍ലൈനിലാക്കിയത്. ഇപ്പോള്‍ 1.78 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുകയാണ് പഞ്ചാബ് സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം ഉറപ്പുവരുത്തുന്നതിനും സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന പഠനവിവരങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്നത്.
പദ്ധതി ഓഗസ്റ്റ് 12 ന് ഉദ്ഘാടനം ചെയ്യും. ലോക്ക്ഡൗണ്‍ മൂലം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനാരംഭിക്കുന്നത് വൈകുന്നതിനാലാണ് ഇത്തരത്തിലൊരു നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് യുവജനതയ്ക്ക് നല്കിയ വാഗ്ദാനം സര്‍ക്കാര്‍ നിറവേറ്റുന്നതായും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രതികരിച്ചു.
കൊവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളും പ്രധാന നഗരങ്ങളും പട്ടണങ്ങളും ഉള്‍പ്പെടുന്ന 26 വിവിധ ഭാഗങ്ങളിലായാണ് പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് നടത്തുന്നത്. പരിപാടിയ്ക്കായി ജനങ്ങള്‍ തിങ്ങിക്കൂടുന്നത് തടയാനാണിതെന്ന് അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. എല്ലാ പട്ടണങ്ങളിലേയും 15 വിദ്യാര്‍ഥികളെ മാത്രം പരിപാടിയില്‍ പങ്കെടുപ്പിക്കും. ഇതു സംബന്ധിച്ച് എല്ലാ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്കും മുഖ്യമന്ത്രി കത്തയച്ചു.
നവംബറോടെ സംസ്ഥാനത്തെ 1.78 ലക്ഷത്തോളം വരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതില്‍ 50,000 ത്തോളം പേര്‍ക്ക് ബുധനാഴ്ച ഫോണുകള്‍ വിതരണം ചെയ്യും. ‘ക്യാപ്റ്റന്‍ സ്മാര്‍ട്ട് കണക്ട്’ എന്ന കുറിപ്പും മുഖ്യമന്ത്രിയുടെ ചിത്രവും ഫോണിന്റെ പിന്‍ഭാഗത്ത് പരിപ്പിച്ചിരിക്കും. ഫോണുകളുടെ രണ്ടാംഘട്ട വിതരണം അടുത്ത് തന്നെ ഉണ്ടാകുമെന്ന് ഔദ്യോഗികവക്താവ് അറിയിച്ചു.
Discussion about this post