കോട്ടയ്ക്കല്‍: കേന്ദ്ര നിര്‍ദേശപ്രകാരം ഫോണ്‍വിളിക്കുന്ന സമയത്ത് ഏര്‍പ്പെടുത്തിയ കോവിഡ് ബോധവത്കരണ സന്ദേശങ്ങള്‍ നിര്‍ത്താനൊരുങ്ങി ബി.എസ്.എന്‍.എല്‍. ഈ ബോധവത്കരണ സന്ദേശങ്ങള്‍ പല സാഹചര്യങ്ങളിലും പ്രയാസമുണ്ടാക്കുന്നതായി ജനങ്ങളില്‍ നിന്നും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ദുരന്തസാഹചര്യങ്ങളില്‍ അത്യാവശ്യങ്ങള്‍ക്കായി വിളിക്കുമ്പോള്‍ മിനിറ്റുകള്‍ നീണ്ട സന്ദേശം ഒരുപാട് സമയം നഷ്ടപ്പെടുത്തുന്നുണ്ട്. ആംബുലന്‍സിന് വിളിക്കുമ്പോള്‍പ്പോലും ഇതാണ് കേള്‍ക്കുക. ഇത് വിലപ്പെട്ട ജീവനുകള്‍ നഷ്ടമാവാന്‍ വരെ കാരമായേക്കാമെന്നാണ് പരാതികളില്‍ പറയുന്നത്.
കോവിഡ് വ്യാപിച്ച സഹാചര്യത്തില്‍ കേന്ദ്ര നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ ബോധവത്കരണ സന്ദേശം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നെറ്റ്വര്‍ക്ക് കമ്പനികള്‍ക്ക് ഇവ ഒഴിവാക്കാന്‍ കഴിയില്ല. ബി.എസ്.എന്‍.എല്‍. കേന്ദ്രത്തില്‍നിന്ന് പ്രത്യേക അനുമതി വാങ്ങിയാണിത് നിര്‍ത്തിയത്.
ഫോണ്‍വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ബോധവത്കരണ സന്ദേശം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഷെയ്ന്‍ നിഗവും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍മീഡിയയിലും ആവശ്യം ശക്തമായി. ‘സര്‍ക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു.കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്ബോള്‍ റെക്കോര്‍ഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു.