തൃശ്ശൂര്‍ : ഇന്ന് സമൂഹമാധ്യമങ്ങളിലാകമാനം ചര്‍ച്ചാവിഷയമാണ് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അഥവാ ഇഐഎ(Environment Impact Assessment). ഇതേചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ കണ്ടിരിക്കാം. എന്നാല്‍ എന്താണ് ഇഐഎ എന്ന് ഇന്നും പലര്‍ക്കും അറിയില്ല. എങ്ങനെയാണ് ഇത് നമ്മെ ബാധിക്കുന്നതെന്നും എന്തുകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തുന്നതെന്നും അറിയില്ല. പരിസ്ഥിതി ആഘാത വിലയിരുത്തല്‍ എന്ന കേന്ദ്രത്തിന്റെ പുതിയ ഭേദഗതിയില്‍ പൊതുജനത്തിന് അഭിപ്രായമറിയിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 11. ഇഐഎ എന്താണെന്നും എങ്ങനെ അഭിപ്രായങ്ങള്‍ അറിയിക്കാമെന്നും വിശദമായി അറിയാം.
പരിസ്ഥിതി നിയമവും ഇഐഎയും
1972ല്‍ സ്റ്റോക്ഹോം വിജ്ഞാപനം വരുന്നതിന് ശേഷമാണ് 1974ല്‍ ജലമലിനീകരണത്തിനും 1981ല്‍ വായു മലിനീകരണത്തിനുമെതിരെ ഇന്ത്യയില്‍ നിയമം വരുന്നത്. എന്നാല്‍ 1984ല്‍ ഭോപ്പാല്‍ ദുരന്തമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യയില്‍ പരിസ്ഥിതി മലിനീകരണത്തിന് എതിരായ ഒരു നിയമം 1986 ല്‍ നിലവില്‍ വരുന്നത്.
ഈ നിയമത്തിന് കീഴില്‍ 1994 ലാണ് ആദ്യമായി ഇന്ത്യ ഇഐഎ കൊണ്ടുവരുന്നത്. എല്ലാ പദ്ധതികളും ഇഐഎയ്ക്ക് അനുസൃതമായി വേണം ആരംഭിക്കാന്‍. എന്‍വയോണ്‍മെന്റല്‍ ക്ലിയറന്‍സ് ലഭിച്ച ശേഷം മാത്രമേ പദ്ധതിക്ക് അനുമതി ലഭിക്കുകയുള്ളു. 1994ലെ ഇഐഎയ്ക്ക് പിന്നീട് 2006ല്‍ ഭേദഗതി വന്നു.
ഒരു കമ്പനി ആരംഭിക്കുന്നതിന് മുമ്പ് പരിസ്ഥിതി മന്ത്രാലയം പദ്ധതി പരിശോധിക്കും. പദ്ധതി പ്രകാരം അടുത്ത് താമസിക്കുന്ന മനുഷ്യര്‍, കമ്പനി കൊണ്ട് പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങള്‍ എന്നിവ പഠിച്ച ശേഷം മാത്രമേ എന്‍വയോണ്‍മെന്റ് ക്ലിയറന്‍സ് നല്‍കുകയുള്ളു. എന്നാല്‍ 2020 ല്‍ ഇഐഎയ്ക്ക് കൊണ്ടുവരുന്ന ഭേദഗതി പ്രകാരം കമ്പനി ആരംഭിച്ച് കഴിഞ്ഞ ശേഷം എന്‍വയോണ്‍മെന്റ് ക്ലിയറന്‍സിന് അപേക്ഷിച്ചാല്‍ മതി.
കെട്ടിടത്തിന്റെ ചുറ്റളവ്
നിലവില്‍ 20,000 സ്‌ക്വയര്‍ഫീറ്റോ അതില്‍ കൂടുതലോ ചുറ്റളവുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും പരിസ്ഥിതി ക്ലിയറന്‍സിനായി അപേക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ ഇഐഎ 2020 പ്രകാരം 1,50,000 സ്‌ക്വയര്‍ഫീറ്റില്‍ കൂടുതലുള്ള കെട്ടിടത്തിന് മാത്രം ഈ അനുമതി തേടിയാല്‍ മതി. അതിനര്‍ത്ഥം ഒരു വിമാനത്താവളത്തിനത്ര വലുപ്പമുള്ള ഒരു പദ്ധതി നാട്ടില്‍ വന്നാല്‍ പോലും ആ പദ്ധതി പരിസ്ഥിതിക്കുണ്ടാക്കുന്ന നഷ്ടങ്ങളെ കുറിച്ചോ സമീപത്ത് താമസിക്കുന്ന മനുഷ്യ ജീവനുണ്ടാക്കുന്ന വിപത്തിനെ കുറിച്ചോ ആര്‍ക്കും പരാതിപ്പെടാന്‍ സാധിക്കില്ലെന്ന് ചുരുക്കം…
കമ്പനി പ്രവര്‍ത്തനം ഇരട്ടിയാക്കിയാലും ക്ലിയറന്‍സ് വേണ്ട
നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പനി 50 ശതമാനത്തോളം പ്രവര്‍ത്തനം ഇരട്ടിയാക്കിയാലും പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് ആവശ്യമില്ലാതാകുന്നു. കമ്പനി എത്ര നാശനഷ്ടങ്ങള്‍ വരുത്തിയാലും ഇത് ബാധകമല്ല.ഇഐഎ 2020ല്‍ പുതുതായി ബി2 എന്നൊരു വിഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നാല്‍പ്പതിലേറെ പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതികള്‍ക്കൊന്നും ക്ലിയറന്‍സ് ആവശ്യമില്ല.
ജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള സമയവും വെട്ടിച്ചുരുക്കി
മുമ്പ് ഒരു പദ്ധതിയെ കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകള്‍ തുറന്ന ചര്‍ച്ചയ്ക്ക് വയ്ക്കുകയും (പബ്ലിക് ഹിയറിംഗ്) ഇതിന് 30 ദിവസം നല്‍കുകയും ചെയ്യുമായിരുന്നു. ഈ സമയം 20 ദിവസമാക്കി വെട്ടിചുരുക്കിയിരിക്കുകയാണ് ഇപ്പോള്‍. അനുവദിച്ച സമയം കൂടി വെട്ടിച്ചുരുക്കുന്നത് പൊതുജനത്തെ പൂര്‍ണമായും അകറ്റി നിര്‍ത്തുന്നതിന് തുല്യമാകും. മാത്രമല്ല വീഡിയോ കോണ്‍ഫറന്‍സ് വഴി പബ്ലിക് ഹിയറിംഗ് നടത്താമെന്നും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
നമുക്ക് ഇപ്പോള്‍ ചെയ്യാന്‍ സാധിക്കുന്നത്.
ഇത് നമ്മെ മാത്രം ബാധിക്കുന്ന വിഷയമല്ല. വരും തലമുറകളെ ഒന്നടങ്കം നശിപ്പിക്കുന്ന ഒരു ഭേദഗതിയാണ്. ഇതുവരെ ഇഐഎ നിയമമായിട്ടില്ല. കരട് മാത്രമേ തയാറായിട്ടുള്ളു. ഈ ഭേദഗതിക്കെതിരായ ആശങ്കകളും പ്രതിഷേധവും ഓഗസ്റ്റ് 11 വരെ നമുക്ക് അറിയിക്കാന്‍ സാധിക്കും. അതായത് നാളെ വരെ ഇതിനായി താഴെ കൊടുത്തിരിക്കുന്ന മെയില്‍ ഐഡിയില്‍ ക്ലിക്ക് ചെയ്യുക… https://environmentnetworkindia.github.io.
Discussion about this post