ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ഒരു പുതിയ അധ്യക്ഷനെ കണ്ടത്തേണ്ടതുണ്ടെന്ന് ശശി തരൂര്‍ എം.പി. പാര്‍ട്ടിക്ക് നായകനില്ല എന്ന വിമര്‍ശത്തിന് മറുപടി നല്‍കാന്‍ അത് അത്യാവശ്യമാണെന്നും വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷ പദവിയില്‍ ഓഗസ്റ്റ് പത്തിന് സോണിയ ഒരുവര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയാണ് തരൂരിന്റെ പ്രതികരണം.
സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തിരഞ്ഞെടുത്തതിനെ കഴിഞ്ഞ വര്‍ഷം താന്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ അവര്‍ അനിശ്ചിത കാലത്തേക്ക് ഭാരം ചുമക്കണമെന്ന് കരുതുന്നത് ശരിയല്ലെന്നും തരൂര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയെ നയിക്കാനുള്ള ഉത്സാഹവും ശേഷിയും അഭിരുചിയുമുണ്ടെന്നാണ് താന്‍ കരുതുന്നത്. എന്നാല്‍ പാര്‍ട്ടി അധ്യക്ഷപദം ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറല്ല. അതിനാല്‍ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ പാര്‍ട്ടി സ്വീകരിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
Discussion about this post