ബുലന്ദ്ഷഹര്‍: ഗോവ വധവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പോലീസ് ഓഫീസറായ സുബോദ് കുമാര്‍ സിംഗിനെ കൊലപ്പെടുത്തിയത് ആസൂത്രിത ഗൂഢാലോചനയിലൂടെയെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. സംഘപരിവാര്‍ സംഘടനകളായ വിഎച്പിയും ബജ്റംഗ്ദളും ആസൂത്രിതമായ ഗൂഢാലോചനയിലൂടെയാണ് കൊലപാതകം നടത്തിയതെന്ന് കപില്‍ സിബല്‍ പറഞ്ഞു.
ബുലന്ദ്ഷഹറില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ച കലാപം നടക്കുന്ന സമയത്ത് യുപി മുഖ്യമന്ത്രി ആദിത്യനാഥ് ഗോരഖ്പൂരില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ ആസ്വദിക്കുകയായിരുന്നു. കലാപകാരികള്‍ പോലീസുകാരനെ വെടിവച്ചു കൊന്നിട്ടും മുഖ്യമന്ത്രി അതേപ്പറ്റി മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അധികാരത്തില്‍ എത്തും മുമ്പ് രാജ്യത്ത് മാറ്റം കൊണ്ടു വരുമെന്നായിരുന്നു നരേന്ദ്രമോഡി പറഞ്ഞിരുന്നത്. ഇതാണ് മോഡി കൊണ്ടുവന്ന മാറ്റം എന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.
2015-ല്‍ യുപിയില്‍ ബീഫ് കഴിച്ചു എന്നാരോപിച്ച് ഗോസംരക്ഷകര്‍ അഖ്ലാഖ് എന്ന വൃദ്ധനെ തല്ലിക്കൊന്ന കേസ് അന്വേഷിച്ചത് സുബോദ് കുമാര്‍ സിംഗ് ആയിരുന്നു. ഇതിന്റെ പക കൊണ്ട് ബുബോദ് സിംഗിനെ വകവരുത്തിയതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ ഒന്നാം പ്രതി സംഘപരിവാര്‍ സംഘടനയായ ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ്. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ്.
ചത്ത പശുവിന്റെ ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നാണ് ബുലന്ദ്ഷഹറില്‍ തിങ്കളാഴ്ച്ച കലാപം ആരംഭിക്കുന്നത്. കലാപത്തിനിടെ സുബോദ് കുമാര്‍ സിംഗിനേയും സഹപ്രവര്ത്തുകരേയും കലാപകാരികള്‍ ആദ്യം ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ സുബോദ് കുമാര്‍ സിംഗിനേയും കൊണ്ട് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് പോകും വഴി ഇവര്‍ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായി. തുടര്‍ന്ന് നടന്ന ആക്രമണത്തില്‍ ഇടതു കണ്ണിന് വെടിയേറ്റ് സുബോദ് കുമാര്‍ സിംഗ് തല്‍ക്ഷണം മരിക്കുകയായിരുന്നു.
Discussion about this post