ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊവിഡ് രോഗവ്യാപനം കൈകാര്യം ചെയ്യുന്നതില്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് തെളിയിച്ചുവെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കൊവിഡ് രോഗികള്‍ക്ക് കൃത്യമായ ചികിത്സയോ മരുന്നോ ലഭിക്കുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.
1,18,038 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2028 പേര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. 46177 കേസുകളാണ് ഇപ്പോഴും സജീവമായിട്ടുള്ളത്. 69833 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തി നേടി. കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കഴിവില്ലാത്തവരും നിസ്സഹായരുമാണെന്നും അഖിലേഷ് തുറന്നടിച്ചു.
സ്ഥിതി ഗതികള്‍ നിയന്ത്രണാതീതമായ സാഹചര്യത്തിലാണ് നോ ടെസ്റ്റ്, നോ കേസ് തന്ത്രം സ്വീകരിച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും വെറും അവകാശ വാദങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ജുഡീഷ്യല്‍ അംഗങ്ങള്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി ആളുകള്‍ കൊറോണ വൈറസിന്റെ ഇരകളായി മാറിയിരിക്കുന്നു. ഇത് വളരെയധികം ആശങ്കാജനകമാണ്. രോഗികള്‍ക്ക് മരുന്നുകളോ ചികിത്സയോ ലഭിക്കുന്നില്ല. ഭരണപരാജയം മൂലം ഇനിയും മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ട്.’ അഖിലേഷ് യാദവ് മുന്നറിയിപ്പ് നല്‍കി.