മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് താരത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനയ്ക്കുള്ള റാപ്പിഡ് ടെസ്റ്റ് ഫലം നെഗറ്റീവാണ്. അതേസമയം പിസിആര്‍ ടെസ്റ്റിനുള്ള സ്രവം ശേഖരിച്ചിട്ടുണ്ട്. അതിന്റെ ഫലം വന്നിട്ടില്ല.
അതേസമയം തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും സുഖമായിരിക്കുന്നുവെന്നും നിങ്ങളുടെ ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദിയെന്നുമാണ് താരം സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. ‘ഞാന്‍ സുഖമായി ഇരിക്കുന്നുവെന്ന് എല്ലാവര്‍ക്കും ഉറപ്പുനല്‍കുന്നു. ഞാന്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്, കൊവിഡ് റിപ്പോര്‍ട്ട് നെഗറ്റീവ് ആണ്. ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സ്റ്റാഫുകളുടെയും സഹായത്തോടെയും പരിചരണത്തോടെയും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ആശുപത്രി വിട്ട് വീട്ടിലെത്താനാകും. നിങ്ങളുടെ ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി’ എന്നാണ് താരം കുറിച്ചത്.
നിലവില്‍ നോണ്‍ കൊവിഡ് ഐസിയു വാര്‍ഡിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നില തൃപതികരമാണെന്നാണ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. വി രവിശങ്കര്‍ അറിയിച്ചത്.