കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തെ നടുക്കിയ വിമാനാപകടത്തില്‍ മരിച്ച സഹപൈലറ്റ് അഖിലേഷ് കുമാറിന്റെ വിയോഗത്തില്‍ തകര്‍ന്ന് ഇരിക്കുകയാണ് കുടുംബം. ഗര്‍ഭിണിയായ ഭാര്യ മേഘയെ തനിച്ചാക്കിയാണ് അഖിലേഷിന്റെ യാത്ര.
മെയ് 8 2020- ഹര്‍ഷാരവങ്ങളോടെയാണ് പൈലറ്റ് അഖിലേഷ് കുമാറിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വരവേറ്റത്. വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിലെ കോഴിക്കോടേക്കുള്ള ആദ്യത്തെ വിമാനത്തിലാണ് പൈലറ്റ് അഖിലേഷ് കുമാറും സംഘവും അന്ന് കരിപ്പൂരിലെത്തിയത്.
കൃത്യം മൂന്ന് മാസം തികയാനിരിക്കെയാണ് കരിപ്പൂരിലെ വിമാനാപകടം. അപകടത്തില്‍ 19ഓളം പേരാണ് മരണപ്പെട്ടത്. കരിപ്പൂരില്‍ വെള്ളിയാഴ്ച അപകടത്തില്‍പ്പെട്ട വിമാനത്തിലെ ഫസ്റ്റ് ഓഫീസറായിരുന്നു ആയിരുന്നു 32 കാരനായ അഖിലേഷ് കുമാര്‍. ഉത്തര്‍പ്രദേശിലെ മതുര സ്വദേശിയാണ്. ഭാര്യ മേഘയ്ക്കും അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പമായിരുന്നു താമസം. 2017-ലായിരുന്നു ഇരുവരുടെയും വിവാഹം. 2017-ലാണ് അഖിലേഷ് കുമാര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ജോലിയില്‍ പ്രവേശിച്ചത്.
ജൂനിയര്‍ ആയിരുന്നെങ്കിലും അതീവ പ്രാഗത്ഭ്യമുള്ള പൈലറ്റായിരുന്നു അഖിലേഷ് കുമാര്‍ എന്ന് സഹപ്രവര്‍ത്തകനും മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ ക്യാപ്റ്റന്‍ മൈക്കിള്‍ സാല്‍ദാനയും പ്രതികരിച്ചു. വിമാനത്തിനുള്ളില്‍ വെച്ച് മാത്രമേ ഞങ്ങള്‍ ഇതുവരെ സംസാരിച്ചിട്ടുള്ളൂ. എന്നാല്‍ എയര്‍ക്രാഫ്റ്റുകളെ കുറിച്ചും മറ്റും അദ്ദേഹത്തിന് അതീവ ജ്ഞാനമുണ്ടായിരുന്നു. ലാന്‍ഡിങ് അടക്കമുള്ള കാര്യങ്ങള്‍ മികച്ച രീതിയില്‍ അദ്ദേഹത്തിന് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സാല്‍ദാന പറയുന്നു.