ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ നിയന്ത്രണമില്ലാതെ ഉയരുന്നതിനിടെ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘കൊവിഡ് കേസുകൾ 20 ലക്ഷം കടന്നിരിക്കുന്നു, മോഡി സർക്കാരിനെ കാണാനില്ല’-രാഹുൽ ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ 20 ലക്ഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്.
രാജ്യത്ത് കൊവിഡ് കേസുകൾ 10 ലക്ഷം കടന്നപ്പോഴത്തെ ട്വീറ്റും രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. ജൂലൈ 17ന് പങ്കുവെച്ച ട്വീറ്റിൽ ഇന്ത്യയിൽ കൊവിഡ് കേസുകൾ ഓഗസ്റ്റ് 10ന് 20 ലക്ഷം കടക്കുമെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞിരുന്നത്. വെറും മൂന്ന് ആഴ്ച കൊണ്ടാണ് ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായത്. യുഎസിനും ബ്രസീലിനും പിന്നിൽ രോഗ്യവ്യാപനത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 20,27,075 ആയി. ഇതിൽ 6,07,384 എണ്ണം സജീവ കേസുകളാണ്. 13,78,106 പേർ രോഗമുക്തി നേടി. ഇതുവരെ 41,585 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Discussion about this post