ന്യൂഡൽഹി: കൊവിഡ് വ്യാപനം സാമ്പത്തിക പ്രതിസന്ധിയെ രൂക്ഷമാക്കിയെങ്കിലും മൊറട്ടോറിയം നീട്ടുന്നകാര്യം പരിഗണിക്കുന്നില്ലെന്ന് ആർബിഐ വ്യക്തമാക്കി. അതേസമയം, സാമ്പത്തിക പ്രതിസന്ധിയിലായതിനെതുടർന്ന് തിരിച്ചടവിന് പ്രയാസം നേരിടുന്നവർക്ക് വായ്പ പുനക്രമീകരിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകി. ശമ്പളം കുറച്ചതുമൂലമോ പണലഭ്യതക്കുറവുമൂലമോ പ്രതിസന്ധിയിലായവർക്ക് പ്രതിമാസ തിരിച്ചടവുതുക കുറച്ച് കാലാവധികൂട്ടാൻ ബാങ്കുകൾ അനുമതി നൽകുകയാണ് ചെയ്യുക. 2020 മാർച്ച് ഒന്നുവരെ വായ്പ കൃത്യമായി അടച്ചവർക്കുമാത്രമെ ഇത്തരത്തിൽ പുനക്രമീകരിക്കാനാകൂ. കൊവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലായവരെ മാത്രമാണ് ഇതിന് പരിഗണിക്കുക.
വായ്പ പുനക്രമീകരിക്കുന്നതിലൂടെ ക്രമപ്രകാരമുള്ള (സ്റ്റാൻഡേഡ്)വായ്പയായി പരിഗണിക്കുകയാണ് ചെയ്യുക. അതായത് വായ്പയെടുത്തയാൾ പുതിയരീതിയിലുള്ള തിരിച്ചടയ്ക്കൽ ഘടന തുടർന്നാൽ നേരത്തെ ബാധ്യത വരുത്തിയകാര്യം ക്രഡിറ്റ് റേറ്റിങ് ഏജൻസികളെ അറിയിക്കില്ല.
കോർപ്പറേറ്റ്, വ്യക്തിഗത വായ്പകൾക്കും ഇത് ബാധകമാണ്. ഉപഭോക്തൃ വായ്പ, വിദ്യാഭ്യാസ ലോൺ, പണയ വായ്പ, ഭവന വായ്പ എന്നിവയെക്കെല്ലാം ഇത് ബാധകമാണെന്ന് പണവായ്പ നയ അവലോകന യോഗത്തിനുശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.