ന്യൂഡൽഹി: ആദ്യ തവണ സിവിൽ സർവീസ് പരീക്ഷയെ നേരിട്ട് പ്രിലിമിനറി കടമ്പ പോലും കടക്കാനാകാതെ വന്നപ്പോൾ ആഗ്രഹം ഉപേക്ഷിച്ച് മറ്റേതെങ്കിലും ജോലി അന്വേഷിച്ച് പോയിരുന്നങ്കിൽ പ്രതിഭ വർമ്മയെന്ന ഈ പെൺകുട്ടിയെ നമ്മളാരും അറിയാതെ പോയേനെ. ഒന്നിൽ പിഴച്ചാൽ മൂന്നെന്ന പഴമൊഴി അന്വർത്ഥമാക്കിയാണ് വിജയിക്കാത്ത രണ്ടാം ശ്രമത്തിന് പിന്നാലെ മൂന്നാമതും സിവിൽ സർവീസ് പരീക്ഷയെ നേരിട്ട് മൂന്നാം റാങ്ക് സ്വന്തമാക്കി പ്രതിഭ അമ്പരപ്പിച്ചത്. ഐഎഎസ് നേടുകയെന്ന സ്വപ്നത്തിനായുള്ള മൂന്നാം പരിശ്രമത്തിൽ മൂന്നാം റാങ്ക് തന്നെ വാങ്ങിച്ചെടുത്തു ഈ ഉത്തർപ്രദേശുകാരി.
ചെറുപ്പം മുതലേ പഠനത്തിൽ മിടുക്കിയായിരുന്ന പ്രതിഭയ്ക്ക് ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ കയറിപ്പറ്റണമെന്ന ആഗ്രഹവും മനസിൽ അതിയായുണ്ടായിരുന്നു. ജന്മനാടായ സൂൽത്താൻപൂരിലെ വിദ്യാഭ്യാസത്തിന് ശേഷം ഡൽഹി ഐഐടിയിൽ നിന്ന് ബിടെക്ക് പൂർത്തിയാക്കിയ പ്രതിഭ രണ്ടു വർഷം സ്വകാര്യ മേഖലയിൽ ജോലിയും ചെയ്തു. ഇതിനിടയിലും മനസിലെ സിവിൽ സർവീസസ് മോഹം കെടാതെ തിരി കത്തുന്നുണ്ടായിരുവന്നു. ഒടുവിൽ സ്വപ്നത്തെ തേടി പിടിക്കാൻ തന്നെ തീരുമാനിച്ച് ജോലി രാജിവെച്ച് സിവിൽ സർവീസ് പരീക്ഷയ്ക്കായി തയ്യാറെടുപ്പ് നടത്തി. 2017ൽ ആദ്യമായി പരീക്ഷയെഴുതിയപ്പോൾ പ്രിലിമിനറി കടന്നില്ല. 2018ൽ പരീക്ഷയെഴുതിയപ്പോൾ 489ാം റാങ്കോടെ ഇന്ത്യൻ റവന്യു സർവീസ് തേടിയെത്തി.
ഐആർഎസ് നേടി ജോലിയിൽ കയറിയെങ്കിലും ഐഎഎസ് എന്ന മോഹത്തിനായി പഠനം തുടർന്നു. മൂന്നാം ശ്രമത്തിൽ ആകെ റാങ്കിങ്ങിൽ മൂന്നാമതും വനിതകളിൽ ഒന്നാമതുമെത്തി സ്വയം തന്നെ ഞെട്ടിച്ചു. കടുത്ത പ്രതിസന്ധികളിലും ലക്ഷ്യം മുന്നിക്കണ്ട് തളരാതെ മുന്നോട്ട് പോയതാണ് തന്റെ വിജയത്തിന് കാരണമെന്ന് പ്രതിഭ പറയുന്നു. സുൽത്താൻപൂർ ബാബു ഭഗവന്ദാസ് ആദർശ് ഇന്റർ കോളേജിലെ പ്രിൻസിപ്പാളായ അച്ഛൻ ശിവാൻഷ് വർമ്മയും പ്രൈമറി സ്‌കൂൾ ഹെഡ്മിസ്ട്രസായ അമ്മ ഉഷാ വർമ്മയും നൽകിയ ഊർജമാണ് തന്നെ പഠനത്തിൽ മുന്നോട്ട് നയിച്ചതെന്നാണ് പ്രതിഭ പറയുന്നത്. ഡോക്ടറായ സഹോദരിയും എഞ്ചിനീയറായ സഹോദരനും പ്രോൽസാഹനം നൽകി.
Discussion about this post