അയോധ്യ: രാമക്ഷേത്ര ഭൂമി പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് അയോധ്യയിലെത്തും. കൊവിഡ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മോഡിക്ക് സുരക്ഷാവലയം ഒരുക്കുന്നത് കൊവിഡില്‍ നിന്നും മുക്തി നേടിയ 150ഓളം പോലീസുകാരാണ്. കൊവിഡ് മുക്തരായവരുടെ ശരീരത്തില്‍ കൊറോണയെ പ്രതിരോധിക്കുന്ന ആന്റിബോഡികള്‍ ഉള്ളതിനാല്‍ ഇവരില്‍ നിന്ന് രോഗം പകരാന്‍ സാധ്യതയില്ലെന്ന് കണ്ടാണ് ഈ നടപടി.
ഏതാനും മാസങ്ങളെങ്കിലും കൊവിഡ് ഭീഷണിയില്‍ നിന്ന് ഇവര്‍ സുരക്ഷിതരായിരിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതാണ് ഇവരെ സുരക്ഷയ്ക്കായി നിയോഗിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്ന എല്ലാ മേഖലകളിലും ഇവരുടെ സാന്നിധ്യമുണ്ടാകും. ഭൂമി പൂജയും മറ്റും ചടങ്ങുകള്‍ക്കുമായി അയോധ്യയില്‍ പ്രധാനമന്ത്രി ഏകദേശം മൂന്ന് മണിക്കൂറോളം ചെലവഴിക്കും.
സുരക്ഷാവലയത്തിലുള്ള ഭൂരിപക്ഷം പോലീസുകാരും ലഖ്നൗവില്‍ നിന്നുള്ളവരാണ്. ഇതിന് പുറമെ 48 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവായ 400 ഓളം ഉദ്യോഗസ്ഥരും സുരക്ഷാ സന്നാഹത്തിലുണ്ടെന്നും യുപി പോലീസ് അറിയിച്ചു. നിലവിലെ താത്കാലിക രാമക്ഷേത്രത്തിലെ രണ്ടാമത്തെ പൂജാരിക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലൊരു തീരുമാനം. നേരത്തെ ഒരു പൂജാരിക്കും ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന 16 ഓളം പോലീസുകാര്‍ക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു.
Discussion about this post