മുംബൈ: കൊവിഡ് രോഗത്തിൽ നിന്നും മുക്തി നേടി വീട്ടിൽ വിശ്രമിക്കുന്ന അമിതാഭ് ബച്ചനോട് വിമർശനചോദ്യങ്ങളുമായി യുവതി രംഗത്ത്. താങ്കളോടുള്ള ആദരവ് നഷ്ടപ്പെട്ടു എന്നതുൾപ്പടെയുള്ള യുവതിയുടെ വിമർശനത്തിന് ബച്ചൻ നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്.
80 വയസുള്ള തന്റെ അച്ഛന് തെറ്റായി പരിശോധന നടത്തിയതോടെ കൊവിഡ് 19 പോസിറ്റീവായെന്നും ഡോക്ടർമാരുടെ നിരുത്തരവാദിത്വം കൊണ്ട് ഒരുപാട് അനുഭവിക്കേണ്ടി വന്നതായും ജാൻവി എന്ന യുവതി ബച്ചന്റെ ഒരു പോസ്റ്റിന് കമന്റായി കുറിച്ചു.
‘മനുഷ്യജീവിതത്തിന് വില കൽപ്പിക്കാതെ പണം സമ്പാദിക്കുക മാത്രം ചെയ്യുന്ന ഒരു ആശുപത്രിക്ക് താങ്കൾ പരസ്യം ചെയ്യുന്നതിൽ വളരെ ദുഃഖമുണ്ട്. ക്ഷമിക്കണം, ഇപ്പോൾ താങ്കളോടുള്ള ആദരവ് പൂർണമായും നഷ്ടപ്പെട്ടു’ എന്ന് യുവതി കുറിച്ചു. പിന്നാലെ മറുപടിയുമായി ബച്ചനും രംഗത്തെത്തി.
‘ജാൻവി ജി.. താങ്കളുടെ പിതാവിന് സംഭവിച്ച കാര്യത്തിൽ ഞാൻ ഖേദം അറിയിക്കുന്നു. ചെറുപ്പം മുതലേ ഒരുപാട് മെഡിക്കൽ കണ്ടീഷനുകളിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. അവിടെ ഡോക്ടർമാരും നഴ്സുമാരും മാനേജ്മെന്റും രോഗിയുടെ പരിചരണത്തിൽ പരമാവധി ശ്രദ്ധ ചെലുത്തുന്നത് ഞാൻ ശ്രദ്ധിച്ചു.’
‘ചിലപ്പോൾ ലാബ് ടെസ്റ്റുകളിൽ തെറ്റു പറ്റാം. എന്നാൽ ഒരു അസുഖത്തെ അടിസ്ഥാനമാക്കി വിലയിരുത്തൽ നടത്താൻ നിരവധി പരിശോധനകളും വ്യവസ്ഥകളുമുണ്ട്. എന്റെ അനുഭവത്തിൽ ഇതുവരെ ഒരു ഡോക്ടറോ, ആശിപത്രിയോ പെരുമാറ്റച്ചട്ടം പാലിക്കാതെ വാണിജ്യപരമായ നേട്ടങ്ങൾക്ക് ചികിത്സ നടത്തുന്നത് കണ്ടിട്ടില്ല. ഇതിനോട് ഞാൻ താഴ്മയോടെ വിയോജിക്കുന്നു.’
‘ആ ആശുപത്രിക്ക് ഞാൻ പരസ്യം നൽകിയിട്ടില്ല. നാനാവതി ആശുപത്രിയിൽ എനിക്ക് മികച്ച ചികിത്സയാണ് ലഭിച്ചത്. അതിനാൽ ആശുപത്രിയോടുള്ള ബഹുമാനം തുടരും. നിങ്ങൾക്ക് ആദരവ് നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നാൽ ഈ രാജ്യത്തെ ഡോക്ടർമാരോടും മെഡിക്കൽ പ്രൊഫഷനോടും എനിക്ക് ആദരവുണ്ട്. അവസാനമായി ഒരു കാര്യം എന്റെ ആദരവും ഉത്തരവാദിത്വവും നിങ്ങൾ ജഡ്ജ് ചെയ്യേണ്ട ആവശ്യമില്ല’-ബച്ചന്റെ മറുപടി ഇങ്ങനെ.
Discussion about this post