പൂനെ: ആഗസ്റ്റ് 5ന് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഭൂമി പൂജ നടക്കാനിരിക്കുകയാണ്. അതിനിടെ പുതിയ ആവശ്യമുന്നയിച്ചുകൊണ്ട് ഹിന്ദുത്വ നേതാവ് സംബാജി ബിഡെ രംഗത്തെത്തി. രാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്ന ശ്രീരാമ വിഗ്രഹത്തിന് മീശ വേണമെന്നാണ് ബിഡെയുടെ ആവശ്യം.
ഹിന്ദുത്വ സംഘടനയായ ശ്രീ ശിവപ്രതിഷ്ഠന്‍ ഹിന്ദുസ്ഥാനിന്റെ നേതാവാണ് സംബാജി ബിഡെ. രാമവിഗ്രഹത്തിന് മീശ ഇല്ലെങ്കില്‍ പിന്നെ ക്ഷേത്രം നിര്‍മ്മിച്ചാലും തന്നെ പോലുളള രാമഭക്തര്‍ക്ക് ഒരു കാര്യവും ഇല്ലെന്ന് ബിഡെ പറഞ്ഞു.അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് നേതൃത്വം കൊടുക്കുന്ന ക്ഷേത്ര ട്രസ്റ്റിലെ അംഗമായ ഗോവിന്ദ് ഗിരിജ് മഹാരാജിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ബിഡെ വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകരോടാണ് ബിഡെ ഇക്കാര്യം പറഞ്ഞത്. ബുധനാഴ്ച അയോധ്യയിലെ ഭൂമി പൂജയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ തുടങ്ങുന്നതിന് മുന്‍പ് ഛത്രപതി ശിവജി മഹാരാജിന്റെ ചിത്രത്തെ പൂജിക്കണമെന്നും സംബാജി ബിഡെ ആവശ്യപ്പെട്ടു.
ദീപാവലിയും ദസറയും പോലെ ആഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യയിലെ ഭൂമി പൂജയും ആഘോഷമാക്കാന്‍ സംബാജി ബിഡെ ജനങ്ങളോട് ആഹ്വാനം ചെയ്തു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ കൊവിഡ് വൈറസിനെ തുരത്താനാകും എന്നാണ് ചിലര്‍ കരുതുന്നത് എന്നുളള എന്‍സിപി നേതാവ് ശരത് പവാറിന്റെ പ്രസ്താവനയോട് സംബാജി ബിഡെ പ്രതികരിച്ചു.
ശരദ് പവാര്‍ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ആണെന്നും അദ്ദേഹം ഇത്തരത്തിലുളള പ്രസ്താവനകള്‍ നടത്തരുതായിരുന്നുവെന്നും സംബാജി ബിഡെ പറഞ്ഞു. അയോധ്യയിലെ ഭൂമി പൂജയ്ക്ക് ക്ഷണം ലഭിച്ചില്ലെങ്കിലും ശരദ് പവാര്‍ പങ്കെടുക്കണമായിരുന്നു. അയോധ്യയില്‍ ശരദ് പവാര്‍ മഹാരാഷ്ട്രയെ പ്രതിനിധീകരിക്കുമായിരുന്നുവെന്നും സംബാജി ബിഡെ പറഞ്ഞു.
Discussion about this post