ജോധ്പുര്‍: ‘കോവിഡ് കറി’യും ‘മാസ്‌ക് നാനും’, കോവിഡ് കാലത്ത് ഒരു ഹോട്ടലിലെ പുതിയ വിഭവങ്ങളാണിത്. രാജസ്ഥാനിലെ ഒരു ഹോട്ടലാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ വിഭവങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ജോധ്പുരിലെ വെജിറ്റേറിയന്‍ വേദിക് എന്ന ഹോട്ടലാണ് ഈ സ്‌പെഷ്യല്‍ വിഭവങ്ങള്‍ ഒരുക്കിയത്.
കോവിഡ് കാരണം രാജ്യത്തെ ഹോട്ടല്‍ വ്യവ്യവസായമേഖല ഗുരുതര പ്രതിസന്ധി നേരിടുകയാണ്. പല ഹോട്ടലുകളും അടച്ചുപൂട്ടി. നിരവധി പേര്‍ക്ക് ജോലി നഷ്ടമായി. ഇതില്‍ നിന്നെല്ലാമുള്ള ഒരു അതിജീവന പോരാട്ടത്തിലാണ് ഇപ്പോള്‍ തങ്ങളെന്ന് വെജിറ്റേറിയന്‍ വേദിക് ഹോട്ടലുടമ യഷ് സോളങ്കി പറയുന്നു.
ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും ജനങ്ങള്‍ ഇപ്പോഴും പുറമേ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ ഭയപ്പെടുന്നതായി സോളങ്കി കൂട്ടിച്ചേര്‍ത്തു. ആളുകളെ ഹോട്ടലുകളിലേക്ക് തിരികെ എത്തിക്കാനാണ് പുതിയ വിഭവങ്ങള്‍ ഒരുക്കിയതെന്നും അദ്ദേഹം പറയുന്നു.
വറുത്തെടുത്ത വെജിറ്റബിള്‍ ബോളുകള്‍ക്ക് കൊറോണവൈറസിന്റെ ആകൃതിയാണ്. നാന്‍ പോലെയുള്ള റോട്ടിവിഭവങ്ങളാകട്ടെ മാസ്‌കുകള്‍ പോലെയും. കോവിഡ് കറിയില്‍ ആരോഗ്യദായകങ്ങളായ സുഗന്ധവ്യഞ്ജനങ്ങളും മൂലികകളും അധികമായി ചേര്‍ത്തിരിക്കുന്നതായി ഹോട്ടല്‍ നല്‍കിയ പരസ്യത്തില്‍ അവകാശപ്പെടുന്നു.
Discussion about this post