ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചവരെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധിച്ച് മരിച്ച ഡോക്ടറുടെ കുടുംബത്തിന് ധനസഹായം നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡോ. ജോഗീന്ദര്‍ ചൗധരിയുടെ കുടുംബത്തിനാണ് ധനസഹായം നല്‍കിയത്.
ധനസഹായം നല്‍കിയ വിവരം മുഖ്യമന്ത്രി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ‘കോവിഡ് രോഗം ബാധിച്ച് മരിച്ച ഡോ. ജോഗീന്ദര്‍ ചൗധരിയുടെ കുടുംബത്തെ കാണുകയും ഒരു കോടി രൂപ ധനസഹായം നല്‍കുകയും ചെയ്തു. ആ കുടുംബത്തിന് സാധ്യമായ സഹായങ്ങളെല്ലാം ചെയ്യും’ എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സ്വന്തം ജീവന്‍ പോലും നോക്കാതെ രാത്രിയെന്നും പകലെന്നുമില്ലാതെ കൊവിഡ് രോഗികളെ പരിപാലിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകരെന്നും ഇത്തരത്തിലൊരു കൊവിഡ് യോദ്ധാവായിരുന്നു ഡോ. ജോഗീന്ദര്‍ ചൗധരിയെന്നും ആംആദ്മി പാര്‍ട്ടി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
എല്ലാവരുടെയും കഠിനാധ്വാനം മൂലം സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി കുറഞ്ഞുവരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.രാജ്യത്താകമാനം ഇതിനോടകം നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.