മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി പോലീസ്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വേദനയില്ലാതെ എങ്ങനെ മരിക്കാം എന്നതിനെപ്പറ്റിയും അദ്ദേഹം ഇന്റര്‍നെറ്റില്‍ പരതിയിരുന്നുവെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ സഞ്ജയ് ബ്രാവേ പറഞ്ഞു.
തന്റെ പേരും, തന്നെ കുറിച്ചുള്ള വാര്‍ത്തകളും അദ്ദേഹം തിരഞ്ഞിരുന്നുവെന്നും കമ്മീഷ്ണര്‍ അറിയിച്ചു. താരത്തിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പരിശോധിച്ചപ്പോഴാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.തന്റെ മരണത്തിന് ദിവസങ്ങള്‍ക്കു മുന്‍പ് ആത്മഹത്യ ചെയ്ത മുന്‍ മാനേജര്‍ ദിഷാ സാലിയന്റെ പേരും സുശാന്ത് സെര്‍ച്ച് ചെയ്തിരുന്നു. ആത്മഹത്യയെ താനുമായി ബന്ധപ്പെടുത്തി പറയുന്നത് അദ്ദേഹത്തിന് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയിരുന്നു.
വേദനയില്ലാതെ മരിക്കാനുള്ള വഴികളെ കൂടാതെ സ്‌കിസോഫ്രീനിയ (പ്രവൃത്തികള്‍ക്ക് ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന മാനസികരോഗം), ബൈപോളാര്‍ ഡിസോഡര്‍ എന്നിവയെക്കുറിച്ചും സുശാന്ത് തിരഞ്ഞിരുന്നുവെന്നും കമ്മീഷ്ണര്‍ അറിയിച്ചു. ജൂണ്‍ 14ന് പുലര്‍ച്ചെയാണ് മുംബൈ ബാന്ദ്രയിലെ വീട്ടില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
Discussion about this post