ന്യൂഡല്‍ഹി; മഥുരയിലെയും കാശിയിലെയും പള്ളികള്‍ ഉറപ്പായും നീക്കപ്പെടണം, അയോധ്യ രാമനും കാശി ശിവനും മഥുര കൃഷ്ണനും അവകാശപ്പെട്ടതാണെന്ന് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗം യുഗപുരുഷ് പര്‍മാനന്ദ് ഗിരി മഹാരാജ്. ഈ പള്ളികള്‍ നിര്‍മ്മിച്ചത് പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയല്ല, പകരം അപമാനിക്കാന്‍ വേണ്ടിയാണെന്നും ഗിരി പറഞ്ഞു.
അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് ശേഷം മഥുര കൃഷ്ണ ജന്മഭൂമിയും കാശി വിശ്വനാഥ ക്ഷേത്രവും നിര്‍മ്മിക്കാനായി താന്‍ കാത്തിരിക്കുകയാണ്. അധിനിവേശക്കാര്‍ ഹിന്ദുക്കളെ അപമാനിച്ചാണ് ഈ സ്ഥലങ്ങളിലെ പള്ളികള്‍ നിര്‍മ്മിച്ചതെന്ന് ഗിരി വ്യക്തമാക്കി.
‘രാം ലല്ലയ്ക്ക് ഒരു ഇരിപ്പിടമുണ്ടാകാനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. മഥുരയിലും കാശിയിലും ക്ഷേത്രങ്ങള്‍ പണിയുക എന്നത് ഞങ്ങളുടെ ആവശ്യമാണ്. രം ലല്ലയ്ക്ക് ക്ഷേത്രമുണ്ടാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. മറ്റു രണ്ട് ക്ഷേത്രങ്ങള്‍ക്ക് വേണ്ടി ഒരു പ്രസ്ഥാനം ഉണ്ടാക്കേണ്ടിവരില്ല എന്ന് പ്രതീക്ഷിക്കുന്നു’ ഗിരി പറഞ്ഞു.
‘രാജ്യത്തിന്റെ ക്ഷേമത്തിനായുള്ള ഈ ന്യായമായ ആവശ്യത്തെക്കുറിച്ച് ബോധവാന്മാരായ മുസ്ലിംകള്‍ ചിന്തിക്കും. പുറത്തുനിന്ന് വന്നവര്‍ ഹിന്ദുക്കളെ അപമാനിച്ചെന്ന് ഇവിടെ ജനിച്ച എല്ലാവര്‍ക്കുമറിയാം.അതിനാല്‍, ഈ അപമാന ചിഹ്നങ്ങള്‍ മാഞ്ഞുപോകണം’ ഗിരി കൂട്ടിച്ചേര്‍ത്തു.
‘മുഗള്‍ സാമ്രാജ്യത്വത്തിന്റെ സമയത്ത് ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിച്ചു. അപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും ഉണ്ടായിരുന്നില്ല. ക്ഷേത്രങ്ങള്‍ പൊളിച്ചുമാറ്റി പള്ളികള്‍ പണിതെന്ന് സിഖ് സന്യാസിയായ ഗുരുദാസ് എഴുതിയിട്ടുണ്ട്. ഈ പള്ളികള്‍ നിര്‍മ്മിച്ചത് പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയല്ല, പകരം അപമാനിക്കാന്‍ വേണ്ടിയാണ്.” എന്ന് ഗിരി പറഞ്ഞു
”അതുകൊണ്ട് അപമാനത്തിന്റെ ചിഹ്നങ്ങള്‍ നീക്കപ്പെടണം. മഥുരയിലെയും കാശിയിലെയും പള്ളികള്‍ ഉറപ്പായും നീക്കപ്പെടണം. അയോധ്യ രാമനും കാശി ശിവനും മഥുര കൃഷ്ണനും അവകാശപ്പെട്ടതാണ്. ഈ മൂന്നു സ്ഥലങ്ങളും ഹിന്ദുക്കള്‍ക്ക് നല്കണം. ഈ വിഷയം ഉയര്ന്നുവരിക തന്നെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നു’-ഗിരി കൂട്ടിച്ചേര്‍ത്തു.