ഇൻഡോർ: രാജ്യത്തെ തന്നെ ഞെട്ടിച്ച് വിചിത്ര വിധിയുമായി ഒരു ഹൈക്കോടതി. പീഡനക്കേസിലെ പ്രതിയ്ക്ക് ജാമ്യം നൽകാനാണ് മധ്യപ്രദേശ് ഹൈക്കോടതി പുതിയ വ്യവസ്ഥ മുന്നോട്ട് വെച്ചത്. രക്ഷാ ബന്ധൻ ദിനത്തിൽ പരാതിക്കാരിയായ സ്ത്രീയുടെ കൈയിൽ രാഖി കെട്ടി, എല്ലാ കാലത്തും അവളെ സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകിയാൽ മാത്രമേ ജാമ്യം നൽകുകയുള്ളൂവെന്ന് ഹൈക്കോടതി ബെഞ്ച് പ്രതിയോട് വ്യക്തമാക്കി.
പീഡനകേസിലെ പ്രതിയായ വിക്രം സിങ് എന്നയാളോടാണ് കോടതി വിചിത്രമായ ജാമ്യ വ്യവസ്ഥ നിർദേശിച്ചത്. രാഖി കെട്ടുന്നതിനോടൊപ്പം 11000 രൂപ പെൺകുട്ടിയ്ക്ക് സമ്മാനമായി നൽകണം. രക്ഷാബന്ധൻ ആഘോഷങ്ങളിൽ സഹോദരി സഹോദരൻമാർ പരസ്പരം സമ്മാനങ്ങൾ നൽകുന്നതുപോലെ എന്നും ഹൈക്കോടതി പറഞ്ഞു. മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് രോഹിത് ആര്യയുടെ ബെഞ്ചാണ് ഈ നിർദേശം മുന്നോട്ട് വെച്ചത്.
കോടതി നിർദേശ പ്രകാരം ജാമ്യക്കാരനായ വിക്രം സിങ് ഓഗസ്റ്റ് 3 രക്ഷാബന്ധൻ ദിനത്തിൽ ഭാര്യയോടൊപ്പം സമ്മാനങ്ങളുമായി പരാതിക്കാരിയായ സ്ത്രീയുടെ വീട്ടിലേക്ക് പോകണം. പരാതിക്കാരിക്ക് സമ്മാനങ്ങളും മധുരവും നൽകി രാഖി കെട്ടണം. ഇനിയുള്ള കാലം ഒരു സഹോദരനെപ്പോലെ സംരക്ഷിക്കാമെന്ന് ഉറപ്പും നൽകണംമെന്നും ബെഞ്ച് വ്യക്തമാക്കി.
അതേസമയം, ഇക്കഴിഞ്ഞ ഏപ്രിൽ 20 ന് ഉജ്ജയിനിലെ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്കും സമാനമായ വിചിത്രജാമ്യ വ്യവസ്ഥയാണ് ഹൈക്കോടതി നിർദേശിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. കേസിലെ പ്രതിയായ ബാഗ്രിയോട് പരാതിക്കാരിയായ സ്ത്രീയുടെ മകന് 5000 രൂപ വസ്ത്രങ്ങൾ വാങ്ങാൻ നൽകണമെന്നായിരുന്നു വിധി.
Discussion about this post