അഗര്‍ത്തല: പതിനഞ്ചാംവയസ്സില്‍ വിവാഹം, അതോടെ പഠനം മുടങ്ങി. എന്നാല്‍ പഠിച്ച് പ്ലസ് ടു പാസാവണമെന്നത് സംഘമിത്രയുടെ വലിയ സ്വപ്നമായിരുന്നു. രണ്ടര വയസുള്ള മകനെയും കുടംബത്തെയും നോക്കുന്നതിനിടെയിലും ആ സ്വപനം യാഥാര്‍ത്ഥ്യമാക്കാനുള്ള സംഘമിത്രയുടെ കഠിന പരിശ്രമത്തിന് ഒടുവില്‍ മിന്നും വിജയം.
12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 92.6 ശതമാനം മാര്‍ക്കുവാങ്ങി ഒന്‍പതാം റാങ്ക് കരസ്ഥമാക്കിയിരിക്കുകയാണ് ത്രിപുരയിലെ സംഘമിത്ര ദേബ്. ഗാന്ധിഗ്രാം എന്ന സ്ഥലത്ത് ഭര്‍ത്താവിന്റെ മാതാപിതാക്കളോടൊപ്പമാണ് സംഘമിത്രയുടെ താമസം. കാശ്മീരില്‍ ജോലു ചെയ്യുന്ന ബിഎസ്എഫ് ജവാനാണ് ഭര്‍ത്താവ് രാജു ഘോഷ്.
എസ്എസ്എല്‍സി വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴായിരുന്നു സംഘമിത്രയുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം എഴുതിയ എച്ച്എസ്എല്‍സി പരീക്ഷയില്‍ 77 ശതമാനം മാര്‍ക്ക് നേടിയിരുന്നു. തുടര്ന്നുപഠിക്കണമെന്നത് സംഘമിത്രയുടെ വലിയ ആഗ്രഹമായിരുന്നു.
എന്നാല്‍ അപ്പോഴേക്കും ഗര്‍ഭിണിയായി. കുട്ടിക്ക് രണ്ടര വയസായപ്പോഴാണ് തന്റെ ആഗ്രഹം നിറവേറ്റാനായി സംഘമിത്ര ഇറങ്ങി തിരിച്ചത്. കുട്ടിയെ നോക്കുന്നതിനിടെയിലും വീട്ടിജോലിക്കിടയിലും സമയം കണ്ടെത്തി നന്നായി പഠിച്ചു. ഒടുവില്‍ പ്ലസ്ടു പരീക്ഷയില്‍ മിന്നും വിജയം നേടി.
ആര്‍ട്സ് വിഭാഗക്കാരില്‍ ഏഴാം റാങ്കും എല്ലാ വിഭാഗങ്ങളും കണക്കിലെടുക്കുമ്പോള്‍ ഒന്‍പതാം റാങ്കുമാണ് സംഘമിത്ര നേടിയത്. ഭര്‍ത്താവിന്റെ കുടുംബത്തില്‍നിന്ന് അകമഴിഞ്ഞ പിന്തുണ ലഭിച്ചിരുന്നുവെന്നും സംഘമിത്ര പറയുന്നു. ബിരുദ പഠനവും പൂര്‍ത്തിയാക്കണമെന്നാണ് അവരുടെ ആഗ്രഹം. കര്‍ഷകനാണ് സംഘമിത്രയുടെ പിതാവ്.
Discussion about this post