ചെന്നൈ: ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് ഉയര്‍ന്ന അഭ്യൂഹങ്ങള്‍ തള്ളി നടിയും തമിഴ്നാട്ടിലെ കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു. ബിജെപിയിലേക്ക് ഇല്ലെന്ന് ഖുശ്ബു വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഖുശ്ബു പ്രതികരിച്ചത്. കേന്ദ്ര കാബിനറ്റ് അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്തുകൊണ്ട് ഖുശ്ബു ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഖുശ്ബു ബിജെപിയിലേക്ക് പോവുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
സംഘികള്‍ ആഹ്ലാദിക്കേണ്ട, ശാന്തരാകൂ. താന്‍ ബിജെപിയിലേക്ക് ഇല്ല. തന്റെ അഭിപ്രായം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടില്‍ നിന്ന് വ്യത്യസ്തമാകാം. എന്നാല്‍ സ്വന്തമായി ചിന്തിക്കുന്ന ഒരു മനസിന്റെ ഉടമയാണ് താന്‍. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ പലരും വിമര്‍ശിക്കുകയും പലരും പിഴവുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. എന്നാല്‍ മാറ്റങ്ങളെ താന്‍ സംശയത്തോടെ മാത്രം നോക്കിക്കാണുന്നില്ല. നല്ലവശങ്ങളും മോശമായ വശങ്ങളും അതിനുണ്ട്. അതെല്ലാം ഇപ്പോള്‍ വിശദീകരിക്കുന്നില്ല. – ഖുശ്ബു ട്വീറ്റ് ചെയ്തു.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. എന്നാല്‍ ഖുശ്ബു വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. പിന്നാലെ, ഖുശ്ബു ബിജെപിയിലേക്ക് പോവുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ വിശദീകരണം നല്കി ഖുശ്ബു രംഗത്ത് വന്നത്.
Discussion about this post