ഹൈദരാബാദ്: ‘കൊറോണയെ അനാവശ്യമായി ഭയക്കേണ്ടതില്ല. അതിനെ നമ്മള്‍ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം” എന്ന് തുറന്നുപറയുകയാണ് വൈറസിനെ അതിജീവിച്ച സിനിമാതാരം സുമലത. ജൂലൈ ആദ്യമാണ് താരത്തിന് കോവിഡ് ബാധിച്ചത്. എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണമായും രോഗമുക്തി നേടിയ സന്തോഷത്തിലാണ് താരം.
കോവിഡിനോട് പൊരുതി വിജയിച്ച സുമലത തന്റെ കോവിഡ് കാലത്തെ അനുഭവങ്ങള്‍ തുറന്നുപറയുകയാണ്. ‘രാജ്യത്തിന് വേണ്ടിയുള്ള സൈനികരുടെ പോരാട്ട മനോവീര്യത്തിന് തുല്യമായിരുന്നു കൊവിഡിനെതിരായ എന്റെ പോരാട്ടവും. രോഗമുക്തയാകാനുള്ള എന്റെ പോരാട്ടങ്ങള്‍ സ്വന്തം ജീവിതത്തിനുവേണ്ടിയുള്ളതായിരുന്നു. ഹോം ഐസൊലേഷനില്‍ കഴിയുമ്പോഴും ഈ വീര്യമാണ് എന്നെ രോഗത്തില്‍ നിന്നും മുക്തയാക്കാന്‍ സഹായിച്ചത്’- സുമലത പറയുന്നു.
കോവിഡ് കേസുകള്‍ സാഹചര്യത്തില്‍ ആശുപത്രിയില്‍ പ്രവേശിക്കേണ്ടെന്ന് തീരുമാനിച്ചത് മറ്റുള്ളവര്‍ക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് കരുതിയാണ്. അംബരീഷ് എപ്പോഴും പറയാറുണ്ട്. ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവും. നമ്മള്‍ അവയെ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം. എനിക്കും ഒരു പ്രതിസന്ധിയുണ്ടായി. അതിന്റെ പേരാണ് കോവിഡ് 19. എന്നാല്‍ ഞാനതില്‍ നിന്നും പൂര്‍ണവിമുക്തി നേടി. ആരോഗ്യവതിയായാണ് ഇപ്പോള്‍ നിങ്ങള്‍ക്കുമുന്നിലിരിക്കുന്നത്.’ എന്ന് താരം കൂട്ടിച്ചേര്‍ത്തു.
‘ജീവിതത്തില്‍ ഞാനനുഭവിച്ചിട്ടുള്ള കഷ്ടതകള്‍ എടുത്തുനോക്കിയാല്‍ ഈ കോവിഡ് 19 ഒന്നുമല്ല. കോവിഡ് പരിശോധന ചെയ്യുമ്പോള്‍ വലിയ ടെന്‍ഷനും കണ്‍ഫ്യൂഷനുമുണ്ടായി. കുടുംബം, ചുറ്റുപാട് എല്ലാവരുമെങ്ങനെയെടുക്കും എന്നതിനെക്കുറിച്ചെല്ലാം ആകുലതയുണ്ടായിരുന്നു. പനി അനുഭവപ്പെട്ടപ്പോള്‍ ആശുപത്രിയില്‍ ചെന്നു. പരിശോധനകളെല്ലാം കഴിഞ്ഞ് ഫലം വരുന്നതുവരെ സ്വന്തം വീട്ടില്‍ ക്വാറന്റീനിലിരുന്നു.” എന്നും സുമലത പറയുന്നു.
” എനിക്ക് കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞതോടെ ഞാനുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ളവരെയൊക്കെ അറിയിച്ചു. ഒരു സെലിബ്രിറ്റി എന്ന നിലയ്ക്ക് പത്രസമ്മേളനം വിളിച്ചതും ഏവരെയും സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചതുമെല്ലാം ഏവരും അറിയണം എന്നുള്ളതുകൊണ്ടു തന്നെയാണ്. അതെന്റെ ചുമതലയാണെന്നു മനസ്സിലാക്കിയിട്ടാണ്.’ എന്ന് സുമലത വ്യക്തമാക്കി.
”ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡിലായിരുന്നില്ല, വീട്ടില്‍ തന്നെയാണ് ക്വാറന്റീലിരുന്നതെന്നും സുമലത പറയുന്നു. കൃത്യമായുള്ള ഭക്ഷണത്തിനും മരുന്നിനുമൊപ്പം യോഗ കൂടി ചെയ്തിരുന്നു. എനിക്ക് കൊറോണ പോസിറ്റീവ് ആണെന്നറിഞ്ഞതുമുതല്‍ എനിക്കായി പൂജകളും വഴിപാടുകളും കഴിച്ചവരുണ്ട്. എന്റെ മകന്‍ എന്നെ നല്ലതുപോലെ ശുശ്രൂഷിച്ചിരുന്നു. അവനെ അവന്റെ ചെറുപ്പത്തില്‍ ഞാന്‍ നോക്കിയതുപോലെ തന്നെ. ഫോണിലൂടെ മാത്രമാണ് മകനുമായി സംസാരിച്ചിരുന്നതെന്നും സുമലത പറയുന്നു.
‘കൊറോണയെ അനാവശ്യമായി ഭയക്കേണ്ടതില്ല. അതിനെ നമ്മള്‍ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം. കോവിഡ് പോസിറ്റീവ് ആയ വ്യക്തികളെ മാനസികമായി അകറ്റി നിര്‍ത്തരുത്. അവരോട് അനുകമ്പ കാട്ടണം. ഈ മഹാമാരിയെ നേരിടാന്‍ ധൈര്യമാണ് അത്യാവശ്യഘടകമെന്നും സുമലത കൂട്ടിച്ചേര്‍ത്തു.