എന്റെ വസ്ത്രങ്ങള്‍ ഞാന്‍ തന്നെ അലക്കുന്നു; ആശുപത്രിയിലെ അനുഭവം പറഞ്ഞ് ശിവരാജ് സിംഗ് ചൗഹാ ന്‍, കൊവിഡ് രോഗികള്‍ സ്വന്തമായി തന്നെ വസ്ത്രം അലക്കണമെന്നും ഉപദേശം

ഭോപ്പാല്‍: കൊവിഡ് രോഗം ബാധിച്ചതിനു പിന്നാലെ ആശുപത്രിയിലെ അനുഭവം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. തന്റെ വസ്ത്രങ്ങള്‍ കഴുകുന്നത് താന്‍ ആണെന്നും കൊവിഡ് രോഗികള്‍ സ്വന്തമായി തന്നെ വസ്ത്രം അലക്കണമെന്നും അദ്ദേഹം ഉപദേശം നല്‍കുകയും ചെയ്തു.

പുതിതായി പങ്കുവെച്ച വീഡിയോയില്‍ ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രിയില്‍ തന്റെ വസ്ത്രങ്ങള്‍ താന്‍ തന്നെയാണ് അലക്കുന്നതെന്നും ഒരു ടീമിനെ തന്നെ ഇവിടെ പ്രത്യേകമായി താന്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. കൊവിഡ് രോഗികള്‍ ഒരു കാരണവശാലും സ്വന്തം വസ്ത്രങ്ങള്‍ മറ്റുള്ളവരുടെ കൈയില്‍ അലക്കാനായി കൊടുക്കരുതെന്നും സ്വന്തമായി തന്നെ ഇത് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ കുറച്ചുനാള്‍ മുന്‍പ് എന്റെ കൈയ്ക്ക് ഒരു ഓപ്പറേഷന്‍ നടന്നിരുന്നു. അതിന് ശേഷം നിരവധി തവണ ഫിസിയോതെറാപ്പി ചികിത്സയും നടത്തി. കൈയുടെ മുഷ്ടികള്‍ മടക്കാനും നിവര്‍ത്താനും വലിയ ബുദ്ധിമുട്ടായിരുന്നു. എങ്കിലും എന്റെ വസ്ത്രങ്ങള്‍ ഞാന്‍ തന്നെയാണ് അലക്കുന്നത്. തുടര്‍ന്നും ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങള്‍ നമ്മള്‍ തന്നെ സ്വന്തമായി ചെയ്യണമെന്നാണ് തോന്നുന്നത്’ മുഖ്യമന്ത്രി പറയുന്നു.

ശനിയാഴ്ചയാണ് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ചൗഹാനെ ഭോപ്പാലിലെ ചിരായു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയുടേയും മകളുടേയും പരിശോധനാ ഫലം നെഗറ്റീവാണ്. എങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ ഇവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version