ഡെറാഡൂൺ: ഹെൽമെറ്റ് ധരിച്ചില്ലെന്ന പേരിൽ യുവാക്കളെ തടഞ്ഞുനിർത്തി ഉപദ്രവിച്ച് പോലീസ്. ബൈക്കോടിക്കുമ്പോൾ ഹെൽമെറ്റ് ധരിച്ചില്ലെന്ന കുറ്റത്തിന് യുവാവിന്റെ നെറ്റിയിൽ ബൈക്കിന്റെ താക്കോൽ കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു ഉത്തരാഖണ്ഡ് പോലീസ്. ഉത്തരാഖണ്ഡ് ഉദ്ദംസിംഗ് നഗർ ജില്ലയിലെ രുദ്രപൂരിൽ ബൈക്കിൽ സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവാവിനെയാണ് പോലീസ് പട്രോൾ സംഘം തടഞ്ഞുനിർത്തി ഉപദ്രവിച്ചത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
മൂന്ന് പോലീസുകാരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ബൈക്കോടിച്ച യുവാവ് ഹെൽമെറ്റ് ധരിച്ചിരുന്നില്ല. പോലീസുകാർ യുവാവിനെ കൈകാണിച്ച് നിർത്തി ബൈക്കിന്റെ താക്കോൽ കൈക്കലാക്കി. ഇതിനെ തുടർന്ന് യുവാക്കളും പോലീസും തമ്മിൽ വാക്ക് തർക്കം അരങ്ങേറി. ഇതിനുപിന്നാലെയാണ് ബൈക്കിന്റെ താക്കോൽ കൊണ്ട് പോലീസുകാരൻ യുവാവിന്റെ നെറ്റിയിൽ കുത്തിയത്.
ഈ സംഭവങ്ങൾ കണ്ടുനിൽക്കുകയായിരുന്ന ഒരാൾ ഈ ചിത്രങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. യുവാവിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രിയിൽ ബൈക്കിൽ പെട്രോൾ തീർന്നതിനാൽ അത് നിറയ്ക്കാൻ പുറത്തിറങ്ങിയതാണെന്നും. പെട്ടെന്ന് ഇറങ്ങിയതിനാൽ ഹെൽമെറ്റ് ധരിക്കാൻ വിട്ടുപോയി എന്നുമാണ് യുവാവ് നൽകിയ മൊഴി. സംഭവം വിവാദമായതോടെ പ്രദേശത്ത് ജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി. പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു പോലീസുകാരന് പരിക്കുപറ്റി. സംഭവത്തിന്റെ അന്വേഷിച്ചുവരികയാണെന്നും ഡ്യൂട്ടിയിലുണ്ടായ മൂന്ന് പോലീസുകാരെയും സസ്‌പെന്റ് ചെയ്‌തെന്നും പിന്നീട് ഉത്തരാഖണ്ഡ് പോലീസ് അറിയിച്ചു.
Discussion about this post