കൊവിഡ് പരിശോധനയ്ക്ക് നായ്ക്കൾ; 94 ശതമാനം കൃത്യതയെന്ന് ജർമ്മനി

ബെർലിൻ: കൊറോണ വൈറസ് പരിശോധനയ്ക്കായി നായ്ക്കളെ പരിശീലിപ്പിച്ച് ജർമ്മനി. ജർമ്മൻ സായുധസേനയിൽ നിന്നുളള എട്ട് നായ്ക്കൾക്കാണ് വെറ്റിറിനറി സർവകലാശാല കൊറോണ വൈറസ് ബാധ തിരിച്ചറിയുന്നതിനായി ഒരാഴ്ചത്തെ പരിശീലനം നൽകിയിരിക്കുന്നത്. നായ്ക്കളിലെ ഘ്രാണശേഷി മനുഷ്യരേക്കാൾ ആയിരം മടങ്ങ് ഇരട്ടിയാണ്. കൊറോണ വൈറസ് ബാധിച്ച വ്യക്തിയുടെ മെറ്റബോളിസം മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമാണെന്നും നായ്ക്കൾക്ക് മണത്തിലൂടെ ഇവ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്നും ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ വിശദീകരിക്കുന്നു.

1000 പേരിൽ നിന്ന് കൊവിഡ് 19 ബാധിച്ചവരെ 94 ശതമാനം കൃത്യതയോടെ നായ്ക്കൾ തിരിച്ചറിഞ്ഞതായി യൂണിവേഴ്‌സിറ്റി ഓഫ് വെറ്റിറിനറി മെഡിസിൻ ഹാനോവെർ അധികൃതർ പറയുന്നു. ഗവേഷകർ കൊവിഡ് 19 പോസിറ്റീവായവരുടേതുൾപ്പടെ 1000 പേരുടെ ഉമിനീരാണ് നായ്ക്കൾക്ക് മണത്തുപരിശോധിക്കാനായി നൽകിയത്. ഇതിൽ നിന്ന് പോസിറ്റീവ് കേസുകൾ കൃത്യമായി കണ്ടുപിടിക്കാൻ നായ്ക്കൾക്ക് സാധിച്ചു.

വിമാനത്താവളങ്ങൾ, സ്‌റ്റേഡിയങ്ങൾ തുടങ്ങി തിരക്കുളള ഇടങ്ങളിൽ എളുപ്പത്തിൽ കൊറോണ കേസുകൾ തിരിച്ചറിയുന്നതിന് ഇത് സഹായിക്കുമെന്നാണ് ഗവേഷകരുടെ വിശ്വാസം.

Exit mobile version