ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയാന്‍ അധികൃതര്‍ നല്കുന്ന നിര്‍ദേശങ്ങളില്‍ ഒന്നാണ് മാസ്ക് ധാരണവും സാനിറ്റൈസര്‍ ഉപയോഗവും. മാസക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ പിടിവീഴും എന്നതില്‍ സംശയമില്ല. എന്നാല്‍ ഇപ്പോള്‍, മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ ആട് ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലാണ് വിചിത്ര സംഭവം അരങ്ങേറിയത്.
കാന്‍പൂരിലെ ബെക്കന്‍ഗഞ്ച് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. വഴിയരികില്‍ മാസ്ക് ധരിക്കാതെ അലഞ്ഞു തിരിഞ്ഞ ആടിനെ പോലീസുകാര്‍ ജീപ്പില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് ആടിന്റെ ഉടമസ്ഥന് സ്റ്റേഷനിലെത്തി. ആടിനെ വിട്ടുതരണമെന്ന് അപേക്ഷിച്ചു. ഒടുവില്‍ ആടിനെ വിടാമെന്ന് പോലീസ് സമ്മതിക്കുകയും ചെയ്തു.
എന്നാല്‍ ഇനി മാസ്കില്ലാതെ ആടിനെ റോഡില്‍ അലയാന്‍ വിടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയാണ് ഉടമസ്ഥന് ആടിനെ വിട്ടു നല്‍കിയത്. മൃഗങ്ങള്‍ക്കും കൊവിഡ് ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ അവയെ മാസ്ക് ധരിപ്പിക്കണമെന്നാണ് ഇവര്‍ പറയുന്നത്. ആളുകള്‍ വീട്ടിലെ നായ്ക്കളെ വരെ മാസ്ക് ധരിപ്പിക്കുന്നു. പിന്നെന്താ ആടിനെ മാസ്ക് ധരിപ്പിച്ചാല്‍ എന്ന് സ്റ്റേഷനിലെ സിഐയുടെ ചോദ്യം.
Discussion about this post