റാഫേല്‍ കരാറിലെ വിവാദനായകനെതിരെ നാവിക സേനയും! മെല്ലെപ്പോക്കില്‍ അനില്‍ അംബാനിക്കെതിരെ നടപടി

റാഫേല്‍ കരാര്‍ വിവാദത്തില്‍ അകപ്പെട്ടതിനു പിന്നാലെ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിക്കെതിരെ നാവികസേനയും.

ന്യൂഡല്‍ഹി: വ്യോമസേനയ്ക്കായുള്ള യുദ്ധവിമാനങ്ങളുടെ റാഫേല്‍ കരാര്‍ വിവാദത്തില്‍ അകപ്പെട്ടതിനു പിന്നാലെ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിക്കെതിരെ നാവികസേനയും. തീരനിരീക്ഷണത്തിനുള്ള 5 കപ്പലുകള്‍ നിര്‍മിക്കുന്നതിനു റിലയന്‍സ് ഏര്‍പ്പെട്ട കരാറിന്റെ മെല്ലെപ്പോക്കില്‍ സേന അതൃപ്തി പ്രകടിപ്പിച്ചു.

നിര്‍മ്മാണം അനന്തമായി വൈകിയതോടെ കമ്പനി സമര്‍പ്പിച്ച ബാങ്ക് ഗാരന്റി സേന ഈടാക്കി. ഔദ്യോഗികമായി റദ്ദാക്കിയിട്ടില്ലെങ്കിലും കരാര്‍ പരിശോധിച്ചു വരികയാണെന്നും ഒരു കമ്പനിയോടും പ്രത്യേക താല്‍പര്യമില്ലെന്നും നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ വ്യക്തമാക്കി.

റാഫേല്‍ ഇടപാടിലെ ഓഫ്സെറ്റ് കരാര്‍ റിലയന്‍സ് അന്യായമായി സ്വന്തമാക്കിയെന്നാരോപിച്ചു പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ വേളയിലാണു നാവികസേനയുടെ അതൃപ്തി കമ്പനി നേരിടുന്നതെന്നതും ശ്രദ്ധേയം. തീരസംരക്ഷണത്തിനായുള്ള സേനയുടെ പുതിയ താവളം ജനുവരി 23ന് ആന്‍ഡമാന്‍ ദ്വീപില്‍ തുറക്കും.

Exit mobile version