മുംബൈ: മഹാരാഷ്ട്രയിലെ കാമാത്തിപുരയില്‍ ദുരിതം അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും മറ്റ് അവശ്യ സേവനങ്ങളും നല്‍കണമെന്ന നിര്‍ദേശവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. കൊറോണ വൈറസിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ തങ്ങളുടെ ജോലി നടക്കാതെ ആയതോടെയാണ് ഒരു വിഭാഗം ലൈംഗിക തൊഴിലാളികള്‍ പട്ടിണിയാലായത്.
അന്നം തേടാന്‍ മറ്റ് വഴികള്‍ തേടിപ്പോയ ഇവരെ ജനങ്ങളും അടുപ്പിക്കാതെ വന്നതോടെയാണ് കൊടുംപട്ടിണിയിലേയ്ക്ക് ഇവര്‍ എത്തിയത്. ദുരിതത്തിലായ തൊഴിലാളികള്‍ക്ക് സഹായം നല്‍കണമെന്ന നിരന്തര ആവശ്യത്തിന് പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പാണ് ഇവര്‍ക്കായി രംഗത്തെത്തിയത്. അപേക്ഷ നല്‍കിയ എല്ലാവര്‍ക്കും റേഷനും മറ്റ് അവശ്യസേവനങ്ങളും ഉടനടി ലഭ്യമാക്കണമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് നിര്‍ദേശിക്കുകയായിരുന്നു. പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനവും.
നാലുമാസം വൈകിയാണെങ്കിലും സഹായം നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ തീരുമാനത്തെ ലൈംഗികത്തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ സ്വാഗതം ചെയ്യുകയും ചെയ്തു. വാടക ഇളവ് ചെയ്ത് തരുന്ന വിഷയം കൂടി പരിഗണിക്കണമെന്നാണ് സംഘാടകരുടെ ആവശ്യം.