ബംഗളൂരു: നഗരത്തെ ആശങ്കയിലാക്കി കൊവിഡ് രോഗികളുടെ ‘അജ്ഞാത വാസം’. ബംഗളൂരു നഗരത്തിലെ 3,338-ഓളം കൊവിഡ്19 ബാധിതരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ. ആകെ രോഗബാധിതരുടെ ഏഴ് ശതമാനത്തോളം പേരാണിത്. പരമാവധി ശ്രമിച്ചിട്ടും ഇവരെ കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പരിശോധനയ്ക്ക് എത്തി മുങ്ങി കളഞ്ഞവരാണിവർ. തെറ്റായ വിലാസവും ഫോൺ നമ്പറും നൽകിയതാണ് അധികൃതരെ കുഴപ്പിച്ചിരിക്കുന്നത്.
കൊറോണ വൈറസ് പോസിറ്റീവായ കുറച്ചു പേരെ പോലീസിന്റെ സഹായത്തോടെ കണ്ടെത്തിയെങ്കിലും 3,338 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് മുൻസിപ്പൽ കമ്മിഷണർ എൻ മഞ്ജുനാഥ് പ്രസാദ് വ്യക്തമാക്കി. പരിശോധനയ്‌ക്കെത്തിയ മിക്കവരും തെറ്റായ ഫോൺ നമ്പറും മേൽവിലാസവുമാണ് നൽകിയത്. പരിശോധനാഫലം ലഭിച്ചയുടനെ പലരും അപ്രത്യക്ഷരായതായും അദ്ദേഹം കൂട്ടിച്ചേർത്തു. പരിശോധനാഫലം പോസിറ്റീവായവർ സ്വയം ക്വാറന്റീനിൽ പ്രവേശിച്ചതായതായി വിവരം ലഭിച്ചിട്ടില്ല. രോഗബാധയുള്ള എല്ലാവരേയും കണ്ടെത്തുകയും ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അതിനാൽ രോഗബാധിതരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്കാണ് പ്രാഥമിക പരിഗണനയെന്നും ഉപമുഖ്യമന്ത്രി ഡോ. അശ്വന്ത് നാരായൺ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ ബംഗളൂവിൽ വൻ തോതിലുള്ള വർധനവാണുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ രോഗികളുടെ എണ്ണം 16,000 ൽ നിന്ന് 27,000 ലേക്ക് കുതിച്ചു. കർണാടക സംസ്ഥാനത്തിലെ പകുതിയോളം കൊവിഡ് കേസുകൾ ബംഗളൂവിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
രോഗികൾ അജ്ഞാതരായി തുടരുന്നതിനാൽ, നിലവിലുണ്ടായ അനിഷ്ട സാഹചര്യം കണക്കിലെടുത്ത് സാംപിൾ ശേഖരിക്കുന്നതിന് മുമ്പ് പരിശോധന നടത്താനെത്തുന്നവരുടെ തിരിച്ചറിയൽ രേഖയും ഫോൺ നമ്പറും പരിശോധിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ആരോഗ്യവകുപ്പ്.