ഭോപ്പാല്‍: കൊവിഡിനെ പ്രതിരോധിക്കാന്‍ ഹനുമാന് ചാലിസ ചൊല്ലാന്‍ ആഹ്വാനം ചെയ്ത് ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കൂര്‍. രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടക്കുന്ന ഓഗസ്റ്റ് അഞ്ചുവരെ എല്ലാവരും വീട്ടിലിരുന്ന് ദിവസവും അഞ്ചുപ്രാവശ്യം ഹനുമാന് ചാലിസ ചൊല്ലണമെന്നാണ് പ്രജ്ഞ സിങ് ഠാക്കൂര്‍ പറഞ്ഞിരിക്കുന്നത്.
‘കൊവിഡ് മഹാമാരിയുടെ അവസാനത്തിനും ജനങ്ങളുടെ നല്ല ആരോഗ്യത്തിനുമായി നമുക്കെല്ലാവര്‍ക്കും ഒന്നിച്ചുചേര്‍ന്ന് ഒരു ആത്മീയപരിശ്രമം നടത്താം. ജൂലായ് 25 മുതല്‍ ഓഗസ്റ്റ് അഞ്ചുവരെ ദിവസവും അഞ്ചുപ്രാവശ്യം എല്ലാവരും അവരവരുടെ വീടുകളില്‍ ഇരുന്നുകൊണ്ട് ഹനുമാന് ചാലിസ ചൊല്ലണം. ഓഗസ്റ്റ് അഞ്ചിന് വിളക്കുകള്‍ തെളിച്ച്, രാമഭഗവാന് ആരതി അര്‍പ്പിച്ച് ഈ ചടങ്ങ് സമ്പൂര്‍ണമാക്കണം’ എന്നാണ് പ്രജ്ഞ സിങ് ഠാക്കൂര്‍ ട്വീറ്ററില്‍ കുറിച്ചിരിക്കുന്നത്.
ഹനുമാന് ചാലിസ ചൊല്ലുന്ന ചടങ്ങ് രാമക്ഷേത്രത്തിന്റെ ഭൂമിപൂജ നടക്കുന്ന ഓഗസ്റ്റ് അഞ്ചുവരെ നടത്തണമെന്നും ആ ദിവസം ദീപാവലി പോലെ നമുക്ക് ആഘോഷിക്കാമെന്നും രാജ്യമെമ്പാടുമുള്ള ഹിന്ദുക്കള്‍ ഒരേശബ്ദത്തില്‍ ഹനുമാന് ചാലിസ ചൊല്ലിയാല്‍ അത് തീര്‍ച്ചയായും ഫലം കാണും. അങ്ങനെ നമ്മള് കൊവിഡ് വൈറസില്‍ നിന്ന് മുക്തരാകുമെന്നും പ്രജ്ഞ കൂട്ടിച്ചേര്‍ത്തു.
Discussion about this post