തിരുച്ചി: കോവിഡ് ബാധിച്ച് മരിച്ച പാവങ്ങളുടെ പ്രിയപ്പെട്ടവനായിരുന്ന ഡോ.ഡി.ദേവദാസിന്റെ മകന്റെയും വിയോഗത്തില്‍ വേദനയോടെ തിരുവനൈകോയില്‍ ഗ്രാമം. വെറും അഞ്ചുരൂപ മാത്രം വാങ്ങി രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ദേവദാസ് നാട്ടുകാര്‍ക്ക് ദൈവത്തിന് തുല്യമായിരുന്നു.
86-കാരനായ ദേവദാസും 56-കാരനായ മകന് അശോക് കുമാറും കോവിഡ് ബാധിച്ചാണ് മരിച്ചത്. ദേവദാസ് വ്യാഴാഴ്ചയും മകന് വെള്ളിയാഴ്ചയുമാണ് മരിച്ചത്. തിരുവനൈകോയിലില്‍ പതിറ്റാണ്ടുകളായി ക്ലിനിക് നടത്തിവരികയായിരുന്നും ഡോക്ടര്‍ ദേവദാസ്.
മഹാത്മാ ഗാന്ധി മെമ്മോറിയല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ശിശുരോഗ വിദഗ്ദ്ധനായിട്ടാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ജോലി ചെയ്തു. ഇതിനിടയിലാണ് അദ്ദേഹം തിരുവനൈകോയിലില്‍ പാവപ്പെട്ടവരെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ക്ലിനിക് ആരംഭിക്കുന്നത്.
പാവപ്പെട്ടവര്‍ക്ക് അദ്ദേഹം തുണയായിരുന്നു. ക്ലിനികിന്റെ ആരംഭത്തില്‍ രണ്ടു രൂപയായിരുന്നു ദേവദാസിന്റെ ഫീസ്. 40 വര്‍ഷത്തോളമായി ഇവിടെ പാവപ്പെട്ടവരെ ചികിത്സിച്ചുവരുന്നതായും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ദേവദാസിന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഡോ.പരമശിവന് പറഞ്ഞു.
അദ്ദേഹം ഒരു നല്ല ഡോക്ടര്‍ മാത്രമായിരുന്നില്ല, മറിച്ച് നല്ലൊരു മനുഷ്യന് കൂടിയായിരുന്നുവെന്നും പരമശിവന് പറഞ്ഞു. സൗജന്യമായി ആളുകളെ ചികിത്സിച്ചിരുന്നു അദ്ദേഹം രോഗികള്‍ക്ക് വിവാഹത്തിനും മറ്റുമുള്ള സഹായങ്ങളും നല്കി’ പരമശിവന് കൂട്ടിച്ചേര്‍ത്തു.
ഗ്രാമവാസികള്‍ക്കും ഡോ.ദേവദാസിനെ കുറിച്ച് പറയാന്‍ നല്ലതുമാത്രം. ക്ലിനിക്കിനപ്പുറം പ്രദേശത്തെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധാലുവായിരുന്നു. 25 വര്‍ഷം ശ്രീരംഗം എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ ഭാഗമായിരുന്ന അദ്ദേഹം 2014 മുതല്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
Discussion about this post