ഭോപ്പാല്‍ : നദിയിലിറങ്ങി സെല്‍ഫിയെടുക്കുന്നതിനിടെ ജലനിരപ്പുയര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ കുടുങ്ങി. മധ്യപ്രദേശിലെ ബെല്‍കേഡി ഗ്രാമത്തിലാണ് സംഭവം. കരയ്ക്കെത്താനാകാതെ ഒരു മണിക്കൂറോളം നദിയില്‍ നില്‍ക്കേണ്ടി വന്ന പെണ്‍കുട്ടികളെ പോലീസ് എത്തിയാണ് രക്ഷിച്ചത്.
ചിന്ദ്വാര ജില്ലയിലെ ജുന്നാര്ഡോ പട്ടണത്തിലെ ആറു പെണ്‍കുട്ടികളാണ് പിക്നിക്കിനായി ബെല്‍കേഡി ഗ്രാമത്തിലെത്തിയത്. ഗ്രാമത്തില്‍ മുഴുവന്‍ കറങ്ങി നടന്ന പെണ്‍കുട്ടികള്‍ പിന്നീട് പെഞ്ച് നദിക്കരയില്‍ എത്തുകയായിരുന്നു. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് പെണ്‍കുട്ടികള്‍ അല്‍പ്പസമയം ഇവിടെ വിശ്രമിച്ചു.
അതിനിടെയാണ് മേഘ ജാവ്ര, വന്ദന ത്രിപാഠി എന്നീ പെണ്‍കുട്ടികള്‍ സെല്‍ഫി എടുക്കാനായി നദിയിലേക്ക് ഇറങ്ങിയത്. വെള്ളം കുറവായിരുന്ന നദിയുടെ നടുക്കുള്ള പാറക്കല്ലുകളില്‍ കയറി നിന്ന് പെണ്‍കുട്ടികള്‍ സെല്‍ഫികള്‍ എടുത്തു. എല്ലാം മറന്ന് സെല്‍ഫി എടുക്കുന്നതിനിടെ നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നത് പെണ്‍കുട്ടികള്‍ അറിഞ്ഞില്ല.
ജലനിരപ്പുയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കരയില്‍ വിശ്രമിക്കുകയായിരുന്ന സുഹൃത്തുക്കളില്‍ ഒരാളാണ് പെണ്‍കുട്ടികളോട് വിവരം പറഞ്ഞത്. ഉടന്‍ തന്നെ കരയിലേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വെള്ളം നന്നായി ഉയര്‍ന്നിരുന്നു. ഇതോടെ പെണ്‍കുട്ടികള്‍ നദിയുടെ നടുവില്‍ കുടുങ്ങി.
പെണ്‍കുട്ടികളും നദിക്കരയിലിരുന്ന കൂട്ടുകാരും പരിഭ്രമിച്ചു. ഇതിനിടെ സുഹൃത്തുക്കളിലൊരാള്‍ പോലീസിനെ വിളിക്കുകയായിരുന്നു. ഡിവൈഎസ്പി അജയ് വാങ്മറെയുടെ നേതൃത്വത്തിലുള്ള 12 അംഗ പോലീസ് സംഘം എത്തിയാണ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്. ഒരു മണിക്കൂറോളമാണ് പെണ്‍കുട്ടികള്‍ക്ക് കരയ്ക്കെത്താനാകാതെ നദിയില്‍ നില്‍ക്കേണ്ടി വന്നത്.
Discussion about this post