ശിവഗംഗ: സ്വിച്ച് ബോര്‍ഡില്‍ പക്ഷി കൂട് കണ്ടെത്തിയതിനു പിന്നാലെ 35 ദിവസത്തേയ്ക്ക് തെരുവു വിളക്കുകള്‍ അണച്ച് മാതൃകയായിരിക്കുകയാണ് തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള ഒരു ഗ്രാമം. തെരുവുവിളക്കുകളുടെ സ്വിച്ച്ബോര്‍ഡില്‍ പക്ഷി കൂടുവച്ചത് ശ്രദ്ധയില്‍പ്പെട്ട ഗ്രാമീണര്‍ പക്ഷി മുട്ടയിട്ട് വിരിയിച്ച് കുഞ്ഞുങ്ങള്‍ പറക്കമുറ്റുന്ന കാലംവരെ ഇനി അതിനടുത്തേക്ക് പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ തുടങ്ങിയ സമയത്താണ് കറുപ്പുരാജ എന്ന കോളേജ് വിദ്യാര്‍ത്ഥി തന്റെ വീടിന് സമീപമുള്ള സ്വിച്ച് ബോര്‍ഡില്‍ പക്ഷി കൂടുവെയ്ക്കുന്നത് കണ്ടത്. പ്രദേശത്തെ തെരുവുവിളക്കുകള്‍ മുഴുവന്‍ കത്തിക്കുന്നതിനുള്ള സ്വിച്ചുകള്‍ സ്ഥാപിച്ചിരുന്നത് ഈ സ്വിച്ച്ബോര്ഡിലായിരുന്നു. പക്ഷി സ്വിച്ച്ബോര്‍ഡില്‍ കൂടുവച്ചകാര്യം കറുപ്പുരാജ സോഷ്യല്‍മീഡിയയിലൂടെ സുഹൃത്തുക്കളെ അറിയിച്ചു. ഇതോടെ വിഷയം ചര്‍ച്ചയാകുകയും തത്കാലത്തേക്ക് തെരുവ് വിളക്കുകള്‍ കത്തിക്കേണ്ടെന്നത് ഗ്രാമീണര്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍, സ്വിച്ച്ബോര്‍ഡിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചില്ലെങ്കില്‍ പക്ഷിക്കും കുഞ്ഞുങ്ങള്‍ക്കും ഷോക്കേല്‍ക്കുമോ എന്ന ഭയത്താല്‍ പഞ്ചായത്ത് അധികൃതരെ സമീപിച്ച് സ്വിച്ച്ബോര്‍ഡിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പഞ്ചായത്ത് അധികൃതര്‍ ആദ്യം ഗ്രാമീണരുടെ ആവശ്യം തള്ളിക്കളയുകയും നിസാര കാര്യത്തിനുവേണ്ടി വാശിപിടിക്കരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
എന്നാല്‍ ഗ്രാമീണര്‍ പിന്‍വാങ്ങിയില്ല. കൊവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം ഭവനരഹിതരായ നിരവധി പേരുടെ ദുരിതം ഗ്രാമീണര്‍ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. അതേ അവസ്ഥ തങ്ങളുടെ ഗ്രാമത്തില്‍ കൂടുവച്ച പക്ഷിക്കുണ്ടാവരുതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് വൈദ്യുതി വിച്ഛേദിക്കാന്‍ അധികൃതര്‍ തയ്യാറായത്. പിന്നീട് ഒരു മാസത്തിലധികം ഗ്രാമീണര്‍ തെരുവുവിളക്കുകള്‍ കത്തിക്കാതെ പക്ഷിക്കൂടിനെ സംരക്ഷിക്കുകയായിരുന്നു.
Discussion about this post