കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചു; 14കാരന്റെ മുട്ടകട തല്ലിപൊളിച്ച് നഗരസഭ, അഴിഞ്ഞാട്ടത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

ഭോപ്പാല്‍: കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിനു പിന്നാലെ 14കാരന്റെ മുട്ടകട തല്ലിപൊളിച്ച് നഗരസഭ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഉന്തുവണ്ടിയിലാണ് 14കാരന്‍ മുട്ടക്കച്ചവടം നടത്തിയിരുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

നഗരസഭാ ജീവനക്കാര്‍ കൈക്കൂലിയായി ആവശ്യപ്പെട്ട 100 രൂപ നല്‍കാന്‍ വിസമ്മതിച്ചതായിരുന്നു പ്രകോപനമുണ്ടാക്കിയതെന്നും പതിനാലുകാരന്‍ ആരോപിച്ചു. റോഡ് സൈഡില്‍ ഉന്തുവണ്ടി നിര്‍ത്തിയിട്ട് കച്ചവടം ചെയ്യണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് നഗരസഭാ ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തരില്ലെന്ന് അറിയിച്ചതോടെ ഭീഷണി ഉയര്‍ത്തി.

ഇതിന് പിന്നാലെയാണ് ഉന്തുവണ്ടി മറിച്ചിട്ടത്. വില്‍പ്പനയ്ക്കായി എത്തിച്ച മുട്ടകള്‍ നഗരസഭാ ജീവനക്കാരുടെ അതിക്രമത്തില്‍ ഉടഞ്ഞുപോയി. വണ്ടി മറിച്ചിട്ട ശേഷം നടന്ന് നീങ്ങുന്ന ജീവനക്കാരോട് പതിനാലുകാരന്‍ തര്‍ക്കിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Exit mobile version